ആരാധകനെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന കന്നഡ നടന്‍ ദര്‍ശന്റെ ആരോഗ്യാവസ്ഥ മോശമായി കൊണ്ടിരിക്കുകയാണ് മുന്‍ സഹതടവുകാരന്‍. സിദ്ധാരൂഢ എന്ന മുന്‍ സഹതടവുകാരനാണ് ദര്‍ശന്റെ ജയില്‍ ജീവിതത്തെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. ന്യൂസ് 18നോടാണ് സഹതടവുകാരന്‍ പ്രതികരിച്ചത്.
ദര്‍ശന്റെ ശരീരഭാരം കുറഞ്ഞു വരികയാണ്. ദേഹം വിളറി വെളുത്തിരിക്കുകയാണ്. ജയില്‍ ഭക്ഷണവുമായി പൊരുത്തപ്പെടാന്‍ ദര്‍ശന്‍ ബുദ്ധിമുട്ടുകയാണ്. താരത്തിന്റെ കണ്ണുകളിലും മുഖത്തും ഇത് വ്യക്തമായി കാണാം. വായനയില്‍ മുഴുകിയാണ് ദര്‍ശന്‍ ദിവസങ്ങള്‍ തള്ളി നീക്കാന്‍ ശ്രമിക്കുന്നത്.
ചിലപ്പോള്‍ ചെറുതായി നടക്കും. സെല്ലില്‍ പുസ്തക വായനയാണ് ഭൂരിഭാഗം സമയവും. ഭഗവത് ഗീത, രാമായണം, മഹാഭാരതം, വിവേകാനന്ദന്റെയും യോഗിയുടേയും ആത്മകഥകള്‍ ഉള്‍പ്പെടെ ഇരുപതോളം പുസ്തകങ്ങളുണ്ട് ദര്‍ശന്റെ കയ്യില്‍ എന്നാണ് സിദ്ധാരൂഢ പറയുന്നത്.
അതേസമയം, 22 വര്‍ഷമായി ജയിലില്‍ കഴിയുന്ന സിദ്ധാരൂഢ ഈയിടെയാണ് പരോളിലിറങ്ങിയത്. ദര്‍ശന്റെ ആരാധകനായ താന്‍ ഏതാനും സമയത്തേക്ക് താരത്തെ കാണണമെന്ന് ജയിലധികാരികളോട് അപേക്ഷിച്ചിരുന്നു. അത് പരിഗണിച്ചാണ് സിദ്ധാരൂഢയ്ക്ക് ദര്‍ശനെ കാണാന്‍ അനുമതി നല്‍കിയത്.
അതേസമയം, വീട്ടില്‍ നിന്നുള്ള ഭക്ഷണം അനുവദിക്കണമെന്ന ദര്‍ശന്റെ അപേക്ഷ കോടതി തള്ളിയിരുന്നു.