വിമന്‍ ഇന്‍ സിനിമ കളക്ടീവിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് രാജിവെച്ച വിധു വിന്‍സെന്റിന് മറുപടിയുമായി ചലച്ചിത്രപ്രവര്‍ത്തകയും ഡബ്ലുസിസി അംഗവുമായ ദീദി ദാമോദരന്‍. പ്രിവിലേജിന്റെ പേരും പറഞ്ഞ് ഇറങ്ങിപ്പോകാന്‍ തീരുമാനിച്ചാല്‍ ഒരു ദളിത് വ്യക്തിയോ ഭിന്നലിംഗക്കാരോ സ്ത്രീയോ മുഖ്യമന്ത്രി പോലും ആകാത്ത കേരളത്തില്‍ നിന്നും എങ്ങോട്ട് ഇറങ്ങി പോകുമെന്നാണ് ദീദി ചോദിക്കുന്നത്. ഇരിപ്പുസമരത്തിലൂടെ ലോകശ്രദ്ധ നേടിയ സ്ത്രീത്തൊഴിലാളി നേതാവ് വിജിക്ക് (വിജി പെണ്‍കൂട്ട്) സമര്‍പ്പിച്ചു കൊണ്ടായിരുന്നു ദീദിയുടെ മറുപടി.
ദീദി ദാമോദരന്റെ കുറിപ്പ്:
ഈ കുറിപ്പെഴുതാൻ താമസിച്ചു പോയോ എന്നറിയില്ല. വേണ്ടെന്നു വെച്ചതായിരുന്നു.
കാരണം : 1. ഉന്നയിക്കപ്പെട്ട പ്രശ്നങ്ങളുടെ ഗൗരവക്കുറവല്ല.അത് ചർച്ച ചെയ്യാൻ തിരഞ്ഞെടുത്ത സമയം എന്നെ ആകുലപ്പെടുത്തുന്നതായിരുന്നു. ഡബ്യുസിസിയുടെ രൂപീകരണത്തിന് നിമിത്തമായ കേസിന്റെ നീണ്ട കാത്തിരുപ്പിന് ശേഷമുള്ള വിചാരണ വേളയാണിത്. ഒറ്റക്കെട്ടായി ഒപ്പമുണ്ടെന്ന് കരുത്ത് നൽകേണ്ട നേരത്ത് ഡബ്യുസിസിക്ക് അകത്തുള്ള വർണ്ണ/ വർഗ്ഗ /വ്യക്തിപര / വിയോജിപ്പുകൾ പരസ്യമായി ചർച്ച ചെയ്യുന്നതിലുള്ള ഔചിത്യക്കുറവ് .
(സ്ത്രീകൾ വിയോജിപ്പുകളില്ലാതെ നിൽക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നില്ല . ചേരാതിരിക്കാൻ നമ്മൾ മുലകൾ മാത്രമല്ലല്ലോ. സ്ത്രീവാദത്തിന്റെ വളർച്ചയെ കുറിക്കുന്നതാവണം അതിന്റെ ബഹുസ്വരത.)
2. കോവിഡ് – 19 മഹാമാരി എന്റെ എല്ലാ മുൻഗണനാക്രമങ്ങളെയും മാറ്റിമറിച്ചു.
3. സൈബർ ആക്രമണത്തിന് ചെറിയ തോതിൽ വിധേയയായിട്ടുണ്ട് മുമ്പും. അതിന്റെ രൂക്ഷതയിൽ തകർന്ന പോയ കൂട്ടുകാരുടെ മാനസീകാവസ്ഥ നേരിൽ കണ്ടിട്ടുമുണ്ട്. പക്ഷേ ഇത്ര തീഷ്ണമായി അനുഭവിക്കേണ്ടി വന്നത് ഇതാദ്യമായാണ് . ശ്രമകരമായിരുന്നു പിടിച്ചു നിൽക്കൽ.
4. Film fraternityൃയിൽ നിന്നും വിളികൾ വന്നു. മുതിർന്നവർ , ഗുരുസ്ഥാനീയർ ( patriarchal privilege ) സ്നേഹത്തോടെ ഉപദേശിച്ചു : ” ഇനിയൊന്നും പറയണ്ട , consequences നിനക്ക് താങ്ങാനാവില്ല ” . സത്യമാണ് ഒരു ട്രാൻസ്ഫറിന് മുന്നിൽ പോലും തളർന്ന് പോയിട്ടുണ്ട് ഞാൻ .
5. എന്നെ അറിയുന്നവർക്കും ഒപ്പം നിൽക്കുന്നവർക്കും എന്റെ വിശദീകരണംവേണ്ട.ആക്രമിക്കുന്നവരെ വിശദീകരണം കൊണ്ട് ചെറുക്കാനുമാകില്ല.
6. ശരിയെന്ന് ബോധ്യമുള്ള കാര്യങ്ങൾക്കൊപ്പം നിൽക്കുമ്പോൾ നേരിടേണ്ടി വരുന്ന അക്രമങ്ങൾ വേദനിപ്പിക്കാറുണ്ടെങ്കിലും അതിന് മറുപടി പറയാൻ മിനക്കെടാറില്ല. Grief journal പോലെ സ്വകാര്യമായി എഴുതി അടച്ചു വയ്ക്കുകയാണ് പതിവ്.
7. സത്യാനന്തര കാലത്ത് അസത്യങ്ങൾ കൊണ്ടും അർദ്ധ സത്യങ്ങൾ കൊണ്ടും ചരിത്രം നിർമ്മിക്കുന്നതിനെ വസ്തുതകൾ കൊണ്ട് പ്രതിരോധിക്കേണ്ടതുണ്ടെന്നറിയാം.
അത് ഡബ്യുസിസി എന്ന സംഘടന വിധുവിനുള്ള മറുപടിയായി നൽകുകയും 08 – 09-2020 ന് പരസ്യപ്പെടുത്തുകയും ചെയ്തു കഴിഞ്ഞു.
ഇനി എഴുതാമെന്നു വച്ചതിന് ഒറ്റക്കാരണമേയുള്ളൂ: വിജി. ഇംഗ്ലിഷുകാരായ BBC തിരിച്ചറിഞ്ഞ Subaltern identity കാരണമല്ല. എൺപതുകളിൽ കേരളത്തിൽ ഫെമിനിസ്റ്റ് പ്രസ്ഥാനം പിറവിയെടുത്തപ്പോൾ തൊട്ട് തുടങ്ങിയ എന്റെ ‘അവൾക്കൊപ്പം’ യാത്രകളിൽ സംമ്പാദിച്ച ചങ്ങാത്തങ്ങളിലെ ഏറ്റവും ആർദ്രമായ ഒന്നാണ് വിജി . അവൾ സ്നേഹത്തോടെ ഒരു സങ്കടം പറഞ്ഞു : ” നിങ്ങളൊക്കെ ഒരു പ്രതീക്ഷയായിരുന്നു. നിങ്ങളും തോറ്റു പോയി എന്ന് പറഞ്ഞാൽ ഒന്നുമല്ലാതെ നിൽക്കുന്ന എന്റെ ചുറ്റുമുള്ള പെണ്ണുങ്ങളോട് ഞാനെന്തു പറയും ? ” .
വിജിക്ക് വേണ്ടിയാണ് ഈ കുറിപ്പ് – വിശദീകരണം :
Communication theoryൃയിലെ ഒരു fallacyയാണ് Ad Hominem. ടി.വി ചർച്ചകളിൽ എന്നും കാണുന്നത്. വിഷയത്തിന് പുറത്ത് personal and sensitive ആയ ഒരു allegation ഉന്നയിക്കുക. ചർച്ച വഴി തിരിച്ചു വിടുക . ഇവിടെ പ്രസക്തമായ വിഷയം – ” നമുക്ക് തന്നെ നിയന്ത്രണമില്ലാത്ത സാഹചര്യത്തിലേക്ക് അപ്പോഴേക്കും കാര്യങ്ങൾ എത്തിയിരുന്നു. ആ കാലത്തെ ഓർത്തെടുക്കുന്നത് വ്യക്തിപരമായി കൂടുതൽ അസ്വസ്ഥതകൾ ഉണ്ടാക്കുകയും മുറിവേല്പിക്കുകയും ചെയ്യും ” – എന്ന് പറഞ്ഞുകൊണ്ട് വിധു കത്തിൽ നിന്നും ഒഴിവാക്കി വ്യക്തി അധിക്ഷേപങ്ങളിലേക്ക് നീങ്ങുമ്പോൾ അത് ഈ fallacy ക്ക് ഉദാഹരണമാകുന്നു .
#അവൾക്കൊപ്പം / അങ്ങനെ അല്ലാത്തവർ എന്ന് സാംസ്കാരിക കേരളം വഴി പിരിഞ്ഞു നിന്ന ഘട്ടത്തിൽ AMMA–യുടെ നേതൃത്വത്തിൽ നിന്നുകൊണ്ട് കുറ്റാരോപിതനായ ആളെ സംഘടനയിൽ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ തുടർന്ന് ശ്രീ മോഹൻലാലിനും FEFKAയുടെ നേതൃത്വത്തിൽ നിന്നു കൊണ്ട് ആ ആളിനൊപ്പം സിനിമ അനൗൺസ് ചെയ്ത ശ്രീ ബി.ഉണ്ണികൃഷ്ണനും എതിരെ പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ ഡബ്യുസിസിയും അതിൽ പങ്കാളികളായിരുന്നു.
( ഇത് സാംസ്കാരിക മന്ത്രിയെ നേരിട്ടു ചെന്ന് കണ്ട് ബോധ്യപ്പെടുത്തിയതായി വിധു പറഞ്ഞതായും ഓർക്കുന്നു. ) അതുകൊണ്ടാണ് 13 ഒക്ടോബർ 2018 ന് പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രമണിഞ്ഞ് പത്രസമ്മേളനത്തിൽ ഡബ്യുസിസി അംഗങ്ങളിൽ ചിലർ ശ്രീ.ബി. ഉണ്ണികൃഷ്ണന്റെ പേരെടുത്ത് പറഞ്ഞത്. തുടർന്ന് പുറത്തിറങ്ങിയ വിധുവിന്റെ സിനിമാ പോസ്റ്ററിൽ അതേ പേരു വന്നപ്പോൾ നയം വ്യക്തമാക്കേണ്ട ധാർമ്മിക ഉത്തരവാദിത്വം ഒരു വശത്ത്. അങ്ങനെ ഒരു silent partner നെ ക്കുറിച്ച് അറിയില്ലായിരുന്നു എന്നും സിനിമ തുടങ്ങിക്കഴിഞ്ഞാണ് അദ്ദേഹം ഇങ്ങിനെ ഒരാവശ്യവുമായി മുന്നോട്ടു വന്നതെന്നും കേട്ടപ്പോഴാണ് വിധു കത്തിൽ പറഞ്ഞ പോലെ ” നിർബന്ധത്തിന് വഴങ്ങി ” മൈഗ്രെയ്ൻ വന്ന് കിടക്കുകയായിരുന്ന ഞാൻ ലൊക്കേഷനിലേക്ക് പോകാൻ തയ്യാറായത്. പ്രതിസന്ധിയിലായ കൂട്ടുകാരിയെ ആശ്വസിപ്പിക്കാൻ. ( കയ്യിലുണ്ടായിരുന്ന ബാം തലവേദന കൊണ്ട് പുളയുന്ന വിധുവിന് നൽകിയാണ് മടങ്ങിയത് ) .
ഡബ്യുസിസിയുടെ മൗനം “ഒത്തുതീർപ്പ് ” ആയി കണക്കാക്കപ്പെടുമെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു ഒപ്പം നിന്ന മാധ്യമ സുഹൃത്തുക്കളും ആക്ടിവിസ്റ്റുകളും. തുടർന്ന് നടന്ന ഡബ്യുസിസിയുടെ മീറ്റിങ്ങിൽ ഈ വിഷയം ചർച്ച ചെയ്യപ്പെട്ടു . ഇതെക്കുറിച്ചുള്ള വിധുവിന്റെ അഭിപ്രായം ചോദിച്ചറിയാം എന്നും തീരുമാനിക്കപ്പെട്ടു. മിനിറ്റ്സിന്റെ കോപ്പി അയച്ചു കൊടുത്തു.മറുപടി ഉണ്ടായില്ല . അത് വിധു ഉന്നയിച്ച ഡബ്യുസിസിയുടെ വരേണ്യ ധാർഷ്ട്യം അല്ല. ജനാധിപരമായി ചർച്ച ചെയ്ത് എടുത്ത തീരുമാനമാണ്.
പിന്നീട് നടന്ന സ്റ്റാൻഡ് അപ് സിനിമയുടെ ലോഞ്ച് പത്രസമ്മേളനത്തിൽ തീർത്തും വ്യത്യസ്തമായ ഒരു കഥയാണ് കേട്ടത്. സിനിമയുടെ പ്രാരംഭം തൊട്ട് കൂടെ നിന്ന് സഹായിച്ച ശ്രീ ബി. ഉണ്ണികൃഷ്ണനെ പോലൊരു സുഹൃത്തിനെതിരെ ആരാണ് എന്തിനാണ് ഈ അപവാദ പ്രചരണങ്ങൾ നടത്തിയിട്ടുണ്ടാവുക എന്ന് ഞാൻ അദ്ഭുതപ്പെട്ടു. അതെക്കുറിച്ചറിയാൻ വിധുവിനെ പലവട്ടം വിളിച്ചു നോക്കി. കോളെടുക്കുകയോ ബന്ധപ്പെടുകയോ ചെയ്തില്ല. ഞാനിപ്പോഴും കാത്തിരിക്കുകയാണ്.
പ്രതിഷേധത്തിനായി ഡബ്യുസിസിതിരഞ്ഞെടുത്ത അതേ വേദിയും വാർഷികവും അവരുടെ പത്രസമ്മേളനത്തിൽ പരാമർശിക്കുക കൂടി ചെയ്തപ്പോൾ അതുയർത്തിയ നൈതികവും രാഷ്ട്രീയവുമായ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറാൻ ഞാൻ നന്നേ പാടുപെട്ടു. എനിക്കും ഒട്ടും താല്പര്യമില്ലാത്ത തെരുവ് വിചാരണക്ക് പല കുറി വിധേയയാവേണ്ടി വന്നു.
“മരണം വരെയും സമരം ചെയ്യും” എന്ന് മുദ്രാവാക്യം വിളിച്ച തൊഴിലാളികൾ ഉന്നയിച്ച ആവശ്യങ്ങളൊന്നും പരിഗണിക്കപോലും ചെയ്യപ്പെടാതെ ജോലിയിൽ തിരിച്ചു കയറേണ്ടി വരുമ്പോൾ അവരുടെ ഗതികേടിനെ ആരും വിചാരണ ചെയ്യാറില്ല. എന്നാൽ സമരക്കാരിൽ ഒരാൾക്ക് ജോലിക്കയറ്റമോ പാരിതോഷികമോ നൽകാൻ അതേ സമരവേദിയും വാർഷികവും തിരഞ്ഞെടുത്ത് സംഘടനയെയും ആ സമരത്തെയും കുറിച്ച് പരാമർശിക്കുമ്പോൾ സംഘടനയുടെ നിലപാട് ചോദ്യം ചെയ്യപ്പെടും.
രാജിക്കത്തിൽ പരാമർശിച്ചവരും പരാമർശിക്കാത്തവരുമായ ഡബ്യുസിസി അംഗങ്ങളിൽ നിന്നും വിധുവിനെ വ്യത്യസ്തയാക്കിയത് ഈ പത്രസമ്മേളനമാണ്. അല്ലാതെ വിധു തെറ്റിധരിച്ചത് പോലെ വർണ്ണ വർഗ്ഗ വിവേചനമല്ല . പ്രതിഷേധം സംഘടനാ നേതൃത്വത്തോടായിരുന്നു. വ്യക്തികളോടായിരുന്നില്ല. FEFKAയിൽ ശ്രീ രഞ്ജിത്തോ AMMAയിൽ ശ്രീ സിദ്ധിക്കോ നേതൃത്വത്തിലായിരുന്നെങ്കിൽ അവരോടാകുമായിരുന്നു പ്രതിഷേധം. ” തൊട്ടുകൂടായ്മ ” എന്ന വിധുവിന്റെ പ്രയോഗത്തിന്റെ പ്രസക്തി മനസ്സിലായില്ല.
വ്യക്തിപരമായ വിമർശനങ്ങൾ : രാജിക്കത്തിൽ ഉന്നയിച്ച ആരോപണങ്ങളിൽ ദീർഘമെങ്കിലും ഏറ്റവും ഗൗരവം കുറഞ്ഞ ആക്ഷേപം എനിക്കെതിരെ ആയിരുന്നു . (WCC യിലെ privileged ആയ ആൾ എന്ന നിലക്കോ ! ആദ്യപടത്തിന് കൊടുത്തത് പോലെ രണ്ടാമത്തെ പടത്തെ പിന്തുണയ്ക്കാത്തതിലുള്ള പിണക്കം കൊണ്ടാണോ എന്നറിയില്ല എന്റെ പേര് ആ കൂട്ടത്തിൽ പെട്ടു പോയത് )
“വിധുവിനോട് ദീദിക്കെന്താ വിരോധം “എന്ന് പ്രേമചന്ദ്രൻ, ഭാഗ്യലക്ഷ്മി പിന്നെ പേരില്ലാത്ത ചിലർ ചോദിക്കുന്നു. മകളുടെ പ്രോജക്ട് ചെയ്യാനിരുന്ന ആന്റോ ജോസഫിനെ തട്ടിയെടുത്തതാവാം കാരണം എന്ന് വിശ്വസിക്കാനിഷ്ടമില്ലെങ്കിലും സംശയിക്കേണ്ടി വരുന്നു. വിരോധം കൊണ്ട് വിധുവിനെതിരെ ഞാൻ എന്തെങ്കിലും ചെയ്തതായി കത്തിൽ ഇല്ല (ശ്രീ പ്രേമചന്ദ്രന്റെ അച്ചടിക്കപ്പെട്ടു കഴിഞ്ഞ ഒരു ലേഖനം എഴുതാതിരുന്നു കൂടായിരുന്നോ എന്നൊരു ചോദ്യം ഉദ്ധരിച്ചതൊഴികെ.)
മറുപടി :
1. പ്രായപൂർത്തിയായ മക്കളുടെ പ്രോജക്ടുകൾക്ക് അമ്മമാരെക്കൊണ്ട് മറുപടി പറയിക്കുന്ന ഏർപ്പാടിന് എതിരാണ് ഞാൻ. പക്ഷേ എന്റെ കൂടി പ്രോജക്ട് ആയത് കൊണ്ട് വിശദീകരിക്കട്ടെ. മകൾ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ തൊട്ട് പിച്ച് ചെയ്യാൻ തുടങ്ങിയതാണത്. ഒരിക്കലതിന്റെ പൂജ പോലും നടന്നതുമാണ്. “പള്ളിക്കൂട” ത്തിൽ വച്ച് മേരി റോയ് സ്വിച്ച് ഓൺ ചെയ്തു കൊണ്ട്. മുന്നോട്ടു പോയില്ല. സംവിധായകരെയും നിർമ്മാതാക്കളെയും ഒരു ഫെമിനിസ്റ്റ് പ്രോജക്ട് convince ചെയ്യുക ദുഷ്ക്കരമാണ്. മകൾ സിനിമ പഠിച്ചു വന്നപ്പോൾ പാതി ഭാരം കുറഞ്ഞെന്ന് ആശ്വസിച്ചു.
ഇനി ഒരു നിർമ്മാതാവിനെ മാത്രം convince ചെയ്താൽ മതിയല്ലോ. ഈ പ്രോജക്ട് ചർച്ച ചെയ്യാത്തവരായി ഭൂമി മലയാളത്തിൽ ആരുമുണ്ടാവില്ല. സുഹൃത്തുക്കളോടും പരിചയക്കാരോടും സഹായമഭ്യർത്ഥിച്ചിട്ടുണ്ട്. Content – ൽ Compromise ചെയ്താൽ നിർമ്മിക്കാൻ ആളുണ്ടായിരുന്നു. ചെയ്തില്ല . മകളത് ഏറ്റെടുത്തപ്പോൾ നിർമ്മിക്കേണ്ടത് സ്ത്രീ തന്നെ ആയിരിക്കണം എന്നതും ആ ദൗത്യത്തെ കുടുതൽ ദുഷ്ക്കരമാക്കി. പണം ആണുങ്ങളുടെ കൈയ്യിലാണല്ലോ . അവരത് കുടുംബത്തിലെ സ്ത്രീകൾക്ക് ആർക്കെങ്കിലും കൊടുക്കാൻ തയ്യാറായാൽ മലയാള സിനിമാ ചരിത്രത്തിൽ ഒരു സ്ത്രീയുടെ പേരു കൂടി എഴുതിച്ചേർക്കപ്പെടും . ( ബിനാമികൾ സിനിമയിലും പതിവാണ് പോലും ) .
പക്ഷേ പ്രോജക്ട് പിച്ച് ചെയ്തത് ( complete script / narration/ treatment/ estimated budget/ location details / cast & crew ) ഇരുപതോളം പേരോടാണ്. അതിൽ ശ്രീ ആന്റോ ജോസഫ് പെടില്ല. അദ്ദേഹത്തിന് താല്പര്യമുണ്ട് എന്നറിഞ്ഞിരുന്നെങ്കിൽ നിശ്ചയമായും പിച്ച് ചെയ്യുമായിരുന്നു. (WCC യിൽ അതിന് വിലക്കില്ല ) മേൽപ്പറഞ്ഞ വ്യവസ്ഥകളോടെ – ഒരു സ്ത്രീയെ നിർമ്മാതാവാക്കിക്കൊണ്ട് .
അങ്ങിനെയൊരു താല്പര്യം അദ്ദേഹത്തിനുണ്ടായിരുന്നു എന്നും അത് മുന്നോട്ട് പോകും മുമ്പ് വിധു ഹൈജാക്ക് ചെയ്യുകയായിരുന്നു എന്ന മട്ടിൽ ആ രാജിക്കത്തിൽ എഴുതിക്കണ്ടു .
അതിന്റെ യുക്തി എനിക്ക് മനസ്സിലായില്ല. അതൊരു ഒറ്റ vacancy ആയിരുന്നോ തട്ടിയെടുക്കാൻ ? അതോ WCC ക്ക് ക്വാട്ട ഉണ്ടായിരുന്നോ ?
Regular ആയി പടം ചെയ്യുന്ന ഒരു production house ന് താല്പര്യം തോന്നുന്ന പ്രോജക്ട് എന്ന് വേണമെങ്കിലും ചെയ്യാമെന്നിരിക്കെ പ്രോജക്ടുകൾ അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിപ്പോയാൽ വൈരാഗ്യം തോന്നുന്നത് എന്തിനാണ് – അതും ആ പ്രോജക്ടിന് വേണ്ടി പ്രൊഡ്യൂസറെ കണ്ടു പിടിക്കാൻ എന്നെ സഹായിച്ചു കൊണ്ടിരിക്കുന്ന വിധുവിനെപ്പോലെ ഒരു സുഹൃത്തിനോട് . സ്റ്റാൻജ് അപ്പിന്റെ ലൊക്കേഷനിൽ വച്ച് കണ്ട് പിരിയുമ്പോൾ പരിചയമുള്ള ചിലരുടെ നമ്പർ തരാം എന്ന് പറഞ്ഞാണ് ഞങ്ങൾ പിരിഞ്ഞത് പോലും . അപ്പോഴും ശ്രീ ആന്റോ ജോസഫിന് താല്പര്യമുള്ളതായി സൂചിപ്പിക്കുക പോലും ചെയ്തില്ല.
2. ശ്രീ പ്രേമചന്ദ്രൻ എന്ത് ലേഖനം എഴുതണം ഏതൊക്കെ ലേഖനം എഴുതരുത് എന്ന് പറയാനുള്ള സൗഹൃദമോ സ്വാതന്ത്ര്യമോ എനിക്ക് അദ്ദേഹവുമായിട്ടില്ല.
നിരൂപണങ്ങൾ പലവിധമല്ലേ. ടെക്സ്റ്റിനെ മാത്രം ആശ്രയിക്കുന്ന ശാഖയുണ്ട്. “തന്റെ സിനിമ പറയും തന്റെ രാഷ്ട്രീയം ” എന്ന് പറയുന്നത് ആ ഗണത്തിൽ പെടും.
അതിൽ നിന്നും മുന്നോട്ട് പോയി Close Reading നടത്തുന്ന നിരൂപണ ശാഖകളുമുണ്ട്.
Extra Textual Elements ( സിനിമക്ക് പിന്നിലെ മൂലധനം , ചരിത്ര പശ്ചാത്തലം, രാഷ്ട്രീയാന്തരീക്ഷം , അതുണ്ടാക്കിയവരുടെ പ്രത്യയശാസ്ത്ര താല്പര്യങ്ങൾ , ജാതി, മതം, ലിംഗം , elitism , privilege , മനോഗതി etc, etc ) Text നോളം തന്നെ പ്രധാനമായി കരുതുന്നവരുണ്ട്. അവരാണ് ഒരു സിനിമ ഇറങ്ങും മുമ്പ് – ആ Text സംസാരിക്കുന്ന രാഷ്ട്രീയം എന്തെന്ന് അറിയുന്നതിന് മുമ്പ് – ” ഞാനിത് കാണും / കാണില്ല ” എന്ന് പറയുക. എന്തെന്നാൽ എത്ര മറച്ചു വച്ചാലും Text നകത്ത് Extra Textual Elements അന്തർലീനമായി കിടക്കും.
അതിന്റെ undercurrents Text ന്റെ രാഷ്ട്രീയത്തെ നിയന്ത്രിക്കും എന്നവർ വിശ്വസിക്കുന്നു.
അതേ സ്കൂളിൽ പെട്ട ഒരാളെന്ന നിലയിൽ അത്തരം ചില നിരൂപകരമായി സംഭാഷണമല്ല , സംവാദത്തിൽ ഏർപ്പെട്ടിരുന്നു. അതൊക്കെ വിധുവിനോടുള്ള വിരോധമായാണ് വ്യാഖ്യാനിക്കപ്പെട്ടതെങ്കിൽ വ്യസനിക്കാനേ തരമുള്ളൂ.
3. ചില നിലപാടുകളുടെ ഭിന്നതകളുണ്ടെങ്കിലും എനിക്കേറ്റവും ഇഷ്ടവും ബഹുമാനവുമുള്ള ഒരു ചങ്ങാതിയാണ് ഭാഗ്യലക്ഷ്മി. വിയോജിപ്പുകൾ മുഖത്ത് നോക്കി പറയും. പിണങ്ങിപ്പിരിയും ,പിന്നിൽ നിന്ന് കുത്തില്ല. വിധുവിനോട് എനിക്കെതിരെ “വിരോധപ്രചരണം ” നടത്തില്ലെന്ന് കരുതാനാണ് എനിക്കിഷ്ടം.
4. ബി. ഉണ്ണികൃഷ്ണനോടില്ലാത്ത വിരോധം വിധുവിനോടെന്താണെന്ന ചോദ്യമുണ്ടായിരുന്നു കത്തിൽ . തന്റെ പ്രത്യയശാസ്ത്ര ബോധ്യങ്ങൾ സന്ധിയില്ലാതെ ഉയർത്തിപ്പിടിക്കുന്ന അദ്ദേഹം – മേൽപ്പറഞ്ഞ പത്രസമ്മേളനത്തിൽ ഉൾപ്പെടെ – ഒരിക്കലും എന്നെ പ്രതിരോധത്തിൽ ആക്കിയിട്ടില്ല. അദ്ദേഹത്തിന്റെ നിലപാടുകളെച്ചൊല്ലി ഞാൻ ഒരിടത്തും വിചാരണ ചെയ്യപ്പെട്ടിട്ടില്ല.
പല വിധ ധാരകളെ ഒന്നിച്ചു കൊണ്ടുപോവുകയും എതിർ സ്വരങ്ങളെ co-opt ചെയ്യുമ്പോൾ പോലും നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത അദ്ദേഹത്തിന്റെ വർഗ്ഗ ബോധം അസൂയ ഉണർത്തുന്ന ആദരവോടെയേ നോക്കി നിന്നിട്ടുള്ളൂ. പെണ്ണത്തങ്ങൾക്ക് അതിനാകുന്നില്ലല്ലോ എന്ന ദുഃഖത്തോടെ.
വ്യക്തിപരമായും ഒരു സഹോദരനെപ്പോലെയേ പെരുമാറിയിട്ടുള്ളൂ ഇന്ന് വരെ. സിനിമകളെ വിമർശിച്ചപ്പോഴെല്ലാം സഹിഷ്ണുതയോടെ കേട്ടു നിൽക്കാറുള്ള അപൂർവ്വം സംവിധായകരിൽ ഒരാൾ.
# അവൾക്കൊപ്പം ഉയർത്തിയ ഭിന്നതകൾ നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന ഭിന്നതകളാണ്. അതിൽ ഒത്തുതീർപ്പുകളില്ല. അഭിപ്രായ വ്യത്യാസം വ്യക്തിപരമായ ശത്രുതയായി കൊണ്ടു നടത്താൻ ഇടയില്ല വി.സി. ഹാരിസ് മാഷിന്റെ ആ പഴയ ചങ്ങാതി എന്ന് വിശ്വസിക്കുന്നു.
ആ പത്രസമ്മേളനവും പ്രഖ്യാപനവും മുൻനിർത്തി ഞാൻ ഡബ്യുസിസി അംഗമെന്ന നിലയിൽ തെരുവു വിചാരണ ചെയ്യപ്പെട്ടിട്ടുണ്ട്. പൊതുവേദികളിലും സഹൃത്ത് വൃന്ദങ്ങളിലും .
Kerala literature festival ( K.L.F ) വേദിയിൽ എന്ന പോലെ Women”s International Film Festival ന്റെ open forum – ത്തിലും ചോദ്യങ്ങളുയർന്നു. ഉത്തരവുമായി സിനിമക്കൊപ്പം വിധുവും വരുമെന്ന് പ്രതീക്ഷിച്ചു. വിധു അന്നും വന്നില്ല .
കഥ പോലും കേൾക്കാതെ വലിയ producers നൊപ്പം സിനിമ ചെയ്യാൻ വേണ്ടി ഒരു WCC മെമ്പർഷിപ്പ് ആവശ്യപ്പെട്ട് വന്ന സിനിമയെടുക്കുന്ന പെൺകുട്ടികളുടെ പരസ്യ പരിഹാസത്തിന് മുന്നിൽ തലകുനിച്ച് നിന്നിട്ടുണ്ട്. ഡബ്യുസിസി അംഗമായ “റിച്ചർ സ്കെയിലി “ന്റെ സംവിധായിക ജീവക്ക് പോലും അവളുടെ സിനിമയെക്കുറിച്ച് സംസാരിക്കേണ്ട ഓപ്പൺ ഫോറത്തിൽ മറുപടി പറയേണ്ടി വന്നത് ഈ ചോദ്യങ്ങൾക്കാണ് .
Hegemony , Interpellation – ഒക്കെ വലിയ വാക്കുകൾ ആയിരുന്നു ഒരു കാലത്തെനിക്ക്. പതിനെട്ട് തികയാത്ത ഇന്നത്തെ കുട്ടികൾ undergraduate ക്ലാസ്സുകളിൽ Gramsciയെയും Althusserനെയുമൊക്കെ അമ്മാനമാടുന്ന കാലത്ത് Dominant ideology ക്ക് ന്യായീകരണ സിദ്ധാന്തമൊരുക്കാൻ അധികാരത്തിലുള്ളവർ ബദ്ധപ്പെടേണ്ട എന്ന് കുട്ടികൾക്ക് പോലുമറിയാം .
അത് തങ്ങൾക്ക് തന്നെ എതിരാണെന്ന് അറിഞ്ഞോ അറിയാതെയോ അവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ട കീഴാളർ തന്നെ ചെയ്തു കൊള്ളും.
അതിനെ ചൊല്ലി തമ്മിൽ അടിക്കും. അധികാരികൾ ഗാലറിയിലിരുന്ന് കളികണ്ട് കയ്യടിക്കും.
പേടിക്കേണ്ട വിജീ , നമ്മളാ കളിക്കില്ല. ” വിധുവിനോടെന്തോ വിരോധം”” എന്ന Grapevine communication ഉപക്ഷിച്ച് നമുക്ക് നേർക്കുനേർ സംസാരിക്കാം. ഒറ്റ ഫോൺ കോൾ ഇപ്പുറത്ത് ഞാനുണ്ട്. സ്നേഹം അല്പം പോലും കൈമോശം വരാതെ . സ്വപ്ന സാക്ഷാൽക്കാരത്തിനായി ഞാൻ ആശ്രയിച്ച മകളോട് , അവളുടെ ആദ്യ സംരംഭത്തെ ഇവ്വിദം scandalize ചെയ്തതിന് WCCയിലെ പലർക്കും ഒപ്പം ഞാനും മാപ്പു ചോദിച്ചിട്ടുണ്ട്.
പിതാവിന്റെ പണം ഉപയോഗിച്ച് നിർമ്മിച്ച് സംസ്ഥാന സർക്കാർ അവാർഡും അന്താരാഷ്ട ബഹുമതികളും ഏറ്റുവാങ്ങിയ ആദ്യ പടത്തിന് ശേഷം Male censoring ഇല്ലാതെ പടം ചെയ്യാൻ നടത്തേണ്ടി വന്ന വിധുവിന്റെ രണ്ടു വർഷത്തെ ക്ലേശകരമായ യാത്ര ചെറുതായി കാണുന്നില്ല.
സിനിമാക്കാരനായ അച്ഛൻ (Patriarchal privilege) ഉണ്ടായിട്ടും രണ്ടു പതിറ്റാണ്ടായി തുടരുന്ന എന്റെ യാത്രയുടെ ക്ലേശങ്ങളെക്കുറിച്ച് WCC യുടെ പ്ലാറ്റ്ഫോമിൽ ഞാൻ പറയാറില്ല .
കാരണം ഇതൊന്നുമില്ലാത്തവർ WCC ക്ക് അകത്തും പുറത്തുമുണ്ട്.
ആ പെൺ യാത്രകൾക്കൊപ്പം നിൽക്കാൻ 90 വർഷം പിന്നിട്ട നമ്മുടെ ഫിലീം ഇൻ്റസ്ട്രിയെ ” ഒരു തൊഴിലടമായി ” അംഗീകരിപ്പിക്കണ്ടേ? തൊഴിലിടത്ത് നിയമപരമായി അനിവാര്യമായ സ്ത്രീകൾക്കായുള്ള ഒരു അഭ്യന്തര പരാതി പരിഹാര സമിതി ( ICC ) രൂപീക്കേണ്ടതില്ലേ? അത് പുരുഷാധിപത്യ സമൂഹത്തിൽ പ്രവർത്തിക്കുന്ന ഒരു സർക്കാറിനെ പറഞ്ഞു ബോധ്യപ്പെടുത്തുകയും ഒരു കമ്മീഷനെ നിയോഗിക്കുകയും ചെയ്തത് കൊണ്ട് അവസാനിക്കുന്നില്ലല്ലോ.
നികുതിപ്പണമുപയോഗിച്ച് രണ്ടു വർഷത്തോളം പണിയെടുത്ത ഹേമ കമ്മീഷൻ മുന്നോട്ടുവച്ച ശുപാർശകൾ ജനങ്ങളിലെത്തിക്കേണ്ട ബാധ്യത സർക്കാറിനെപ്പോലെ WCC ക്കും ഇല്ലേ? അത് സ്വീകാര്യമാണോ എന്നറിയേണ്ടേ? Special Tribunal , Policy for cyber crime against women – എത്രയെത്രെ വിഷയങ്ങൾ . ചർച്ച തുടങ്ങും മുമ്പ് കളം വിട്ട് പോകുന്നതെങ്ങിനെ?
ഇല്ലാത്ത പ്രിവിലേജുകൾക്കായി വാദിക്കുമ്പോൾ ഉള്ള പ്രിവിലേജുകൾ മറന്നു പോകും എന്നത് കൊണ്ടാണ് ആ വാക്കിനൊപ്പം നാം നിതാന്തമായി ജാഗരൂകരാകേണ്ടത്. അതിന്റെ പേരു പറഞ്ഞ് ഇറങ്ങിപ്പോകാൻ തീരുമാനിച്ചാൽ ദളിതോ സ്ത്രീയോ ഭിന്നലിംഗക്കാരോ മുഖ്യമന്ത്രിയാകാത്ത , ഭരണത്തിൽ പ്രതിനിത്യം പോലും നൽകാത്ത , കേരളത്തിൽ നിന്നും നാം എങ്ങോട്ടിറങ്ങിപ്പോകാനാണ് ?
വിജീ , വിഷമിക്കാതെ. വിചാരണ വേളയിൽ പ്രത്യേകമായി തിരഞ്ഞെടുത്ത തീയതിയിൽ തൊടുത്തുവിട്ട വിവാദമാണ് ഇത് എന്ന ഗൂഢാലോചനയിൽ നമ്മുടെ വിധു പെടില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. ഇതു പോലുള്ള യാത്രകളിൽ ഇതൊന്നും പുതിയതല്ലല്ലോ നമുക്ക് . അജിയേച്ചി പറയാറുള്ളത് പോലെ തളർന്നു് പോയാലും തോറ്റു പോകരുതല്ലോ .
തോറ്റുപോയ ഉണർച്ചകൾ എന്ന് വിധി എഴുതിയവർക്ക് തെറ്റി. അവർ കണ്ടത് മുൻനിര പോരാട്ടങ്ങൾ മാത്രമാണ്. ഗറില്ലകളുടെ ഒളിപ്പോരാട്ടങ്ങൾ അവർ കണ്ടിട്ടില്ല.
കഥ പോലും കേൾക്കാതെ സിനിമ ചെയ്യാനാവുമ്പോൾ ജയിക്കുന്ന ഒരു പെണ്ണുണ്ട് , നമ്മുടെ ആനിയെപ്പോലെ . ആനിയെ നിഷ്ഠൂരമായി പരിഹസിച്ചവർക്ക് അറിയില്ല ലൈംലൈറ്റിൽ നിൽക്കുന്ന ഒരു നടിയെ വിവാഹത്തോടെ അടുക്കളയിലേക്ക് ആനയിക്കപ്പെടുമ്പോൾ അവൾക്ക് ലൈംലൈറ്റിനെ അടുക്കളയിലേക്ക് കൊണ്ടുവരാനാകുമെന്ന് .
Read more
സീമന്തരേഖയിൽ സിന്ദൂരം തൊട്ടു കൊണ്ട് തന്നെ അടുക്കളയെ “ആനീസ്” കിച്ചൻ എന്ന് പേരിടാനാകുമെന്നും കൃസ്ത്യൻ സ്ലാങ്ങിൽ സംസാരിച്ച് കൊണ്ട് സ്വത്വരാഷ്ട്രീയം അടയാളപ്പെടുത്താനാവുമെന്നും. ഫെമിനിസം ബഹുവചനമാകുന്നത് കണ്ടോ വിജീ…