ജയസൂര്യ നിലപാട് തിരുത്തിയോ? വാര്‍ത്തകള്‍ക്ക് പിന്നിലെന്ത്?.. സത്യവാസ്ഥ ഇതാണ്

ജയസൂര്യ നിലപാട് തിരുത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് റിപ്പോര്‍ട്ടുകള്‍. ഏഷ്യാനെറ്റ് ന്യൂസിന്റേത് എന്ന തരത്തിലാണ് വ്യാജ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി ജയസൂര്യ വ്യക്തമാക്കി.

”ഒന്നും ഞാന്‍ ഇതുവരെ മാറ്റിപ്പറഞ്ഞിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ഇതുസംബന്ധിച്ച് വരുന്ന വിവാദങ്ങള്‍ കാര്യമാക്കുന്നില്ല” എന്ന് ജയസൂര്യ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചു. സര്‍ക്കാരിന്റെ കര്‍ഷകരോടുള്ള മനോഭാവത്തെയാണ് പരസ്യ വേദിയില്‍ ജയസൂര്യ വിമര്‍ശിച്ചത്.

”അന്ന് ഞാന്‍ പറഞ്ഞതില്‍ എന്തോ അപരാധമുണ്ട് എന്നാണ് വിമര്‍ശനം. ഞാന്‍ അതൊന്നും മാറ്റി പറയുന്നില്ല. പ്രോഗ്രാമിന് പങ്കെടുക്കാന്‍ പോകുമ്പോള്‍ കൃഷി മന്ത്രി ഉണ്ട് അറിഞ്ഞിരുന്നില്ല. പക്ഷേ കൃഷി മന്ത്രി അവിടെ വന്നപ്പോള്‍ ആ വിഷയം പൊതുവേദിയില്‍ ഉന്നയിക്കണമെന്ന് തോന്നി.”

”അതുകൊണ്ടാണ് ആ വിഷയം ഉന്നയിച്ചത്. സോഷ്യല്‍ മീഡിയയിലോ, മന്ത്രിമാരോട് നേരിട്ട് പറഞ്ഞാലോ പ്രശ്‌നം തീരില്ല. ഈ പ്രശ്‌നം പൊതുസമൂഹത്തിലേക്ക് കൊണ്ടു വരേണ്ടതുണ്ടായിരുന്നു. അതുകൊണ്ടാണ് ഞാന്‍ അവിടെ പറഞ്ഞത്” എന്നാണ് ജയസൂര്യ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയത്.

മന്ത്രിമാരായ പി പ്രസാദും പി രാജീവും വേദിയിലിരിക്കവേയായിരുന്നു നടന്‍ ജയസൂര്യ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചത്. കര്‍ഷകര്‍ അവഗണന നേരിടുകയാണെന്നും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റണമെന്നും ജയസൂര്യ വേദിയില്‍ ആവശ്യപ്പെടുകയായിരുന്നു.