കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ വേദനയുണ്ടെന്ന് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ. നിലവില്‍ നടക്കുന്ന പൊലീസ് അന്വേഷണവുമായി താന്‍ സഹകരിക്കുമെന്നും പി.പി.ദിവ്യ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. തന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും.
അഴിമതിക്കെതിരെ നടത്തിയത് സദ്ദുദ്ദേശപരമായ വിമര്‍ശനമായിരുന്നെങ്കിലും പ്രതികരണത്തില്‍ ചില ഭാഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാര്‍ട്ടി നിലപാടിനെ മാനിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റാനുള്ള പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്ന് അവര്‍ പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ പറയുന്നു.
നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ പ്രതിഷേധം ശക്തമായതോടെ
പിപി ദിവ്യക്കെതിരെ സിപിഎം നടപടിയെടുത്തിരുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് ദിവ്യയെ മാറ്റി. പകരം കെകെ രത്നകുമാരിയെ പ്രസിഡന്റാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു.
Read more
ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് സിപിഎം നടപടി. പൊലീസ് അന്വേഷണം നടക്കുന്നതിനാല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും ദിവ്യ ഒഴിവാകണമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിക്കുകയായിരുന്നു.