200 ശതമാനം ഫീല്‍ ഗുഡ് സിനിമയെന്ന് ദിലീപിന്റെ ഉറപ്പ്; 'ശുഭരാത്രി'യുടെ ഫസ്റ്റ് ലുക്ക്

കോടതി സമക്ഷം ബാലന്‍ വക്കീലിന് ശേഷം ദിലീപ് നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രം ശുഭരാത്രിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. അനു സിത്താര നായികയായി എത്തുന്ന ചിത്രം അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ വ്യാസന്‍ കെപിയാണ് സംവിധാനം ചെയ്യുന്നത്. ഇത്തവണയും പുതുമയുളള ഒരു പ്രമേയം പറയുന്ന സിനിമയുമായിട്ടെത്തുന്ന ദിലീപ് ചിത്രത്തിന് 200 ശതമാനം ഗ്യാരണ്ടിയാണ് നല്‍കുന്നത്. 100 ശതമാനം ഫാമിലി ചിത്രവും, 200 ശതമാനം ഫീല്‍ ഗുഡ് ചിത്രവുമെന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് ദിലീപ് കുറിച്ചത്.

നെടുമുടി വേണു, സായി കുമാര്‍, ഇന്ദ്രന്‍സ്, നാദിര്‍ഷ, അജു വര്‍ഗീസ്, ഹരീഷ് പേരാടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധീപ് കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ശാന്തി കൃഷ്ണ, ആശ ശരത്, ഷീലു എബ്രാഹം, കെപിഎസി ലളിത, തെസ്‌നി ഖാന്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തില്‍ ദിലീപിന്റെ ഭാര്യയുടെ വേഷത്തിലാണ് അനു സിത്താര എത്തുന്നത്.

Read more

വ്യാസന്‍ എടവനക്കാടാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സംഗീതം ബിജിബാല്‍. നിര്‍മ്മാണം അരോമ മോഹന്‍. വിതരണം അബാം മൂവീസ്. ആല്‍ബിയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.