'പറക്കും പപ്പനാ'കാനൊരുങ്ങി ദിലീപ്

നടന്‍ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്നാണ് പറക്കും പപ്പന്‍. ഒരു ദേശി സൂപ്പര്‍ ഹീറോ എന്ന കാഴ്ചപ്പാടില്‍ നിന്നും രൂപം കൊണ്ടതാണ് സിനിമയുടെ കഥാതന്തുവെന്നാണ് സൂചന.

പ്രശസ്ത സംവിധായകനും രചയിതാവും നടനുമായ റാഫി തിരക്കഥ രചിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ വിയാന്‍ വിഷ്ണുവാണ്. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തു വിട്ടു കൊണ്ട് പ്രഖ്യാപിച്ച ഈ ചിത്രം കോവിഡ് സാഹചര്യങ്ങള്‍ കാരണവും മറ്റു സാങ്കേതിക കാരണങ്ങള്‍ കൊണ്ടും നീണ്ടു പോവുകയായിരുന്നു. ഇപ്പോള്‍ ഈ സിനിമയുടെ ചര്‍ച്ചകള്‍ക്കായി ദിലീപും റാഫിയും സംവിധായകന്‍ വിയാന്‍ വിഷ്ണുവും ഒന്നിച്ചിരിക്കുകയാണ്.

റാഫി സംവിധാനം ചെയ്യുന്ന വോയിസ് ഓഫ് സത്യനാഥന്‍ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ ദിലീപ് അഭിനയിക്കുന്നത്. ഇതിന്റെ അവസാന ഷെഡ്യൂള്‍ ജൂലൈ ആദ്യം ആരംഭിക്കും. ഈ ചിത്രം പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കും പറക്കും പപ്പന്റെ ജോലികള്‍ ആരംഭിക്കുക എന്നാണ് സൂചന.

Read more

വോയിസ് ഓഫ് സത്യനാഥന്‍ എന്ന ദിലീപ് ചിത്രത്തില്‍ ജോജു ജോര്‍ജ്, വീണ നന്ദകുമാര്‍, സിദ്ദിഖ്, ജോണി ആന്റണി എന്നിവരും അഭിനയിക്കുന്നുണ്ട്. റാഫി തന്നെ രചിക്കുകയും ചെയ്ത ഈ ചിത്രം, ബാദുഷ, ദിലീപ്, പ്രിജിന്‍, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ജസ്റ്റിന്‍ വര്‍ഗീസ് സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ജിതിന്‍ സ്റ്റാനിസ്ലാവ്, എഡിറ്റ് ചെയ്യുന്നത് ഷമീര്‍ മുഹമ്മദ് എന്നിവരാണ്.