താങ്കളൊരു മാന്യനാണെന്നാണു കരുതിയിരുന്നത്, ഒരുമാതിരി ആളെ വടിയാക്കുന്ന പരിപാടി കാണിക്കരുത്- വൈറല്‍ കുറിപ്പ്

മിമിക്രി വേദികളില്‍ നിന്ന് സിനിമയിലേക്ക് ചുവടുവെച്ച് മലയാള സിനിമയിലെ അവിഭാജ്യഘടകമായി മാറിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. മലയാളത്തിലെ കോമഡി നടന്മാരില്‍ മുന്‍നിരയിലാണ് ഇന്ന് സുരാജിന്റെ സ്ഥാനം. ഈ വര്‍ഷം ഒരു പിടി മികച്ച വേഷങ്ങളാണ് സുരാജിനെ തേടിയെത്തിത്. ഫൈനല്‍സ്, അന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സുരാജിനെ കുറിച്ച് വ്യത്യസ്തമായൊരു കുറിപ്പെഴുതി കൈയടി മേടിച്ചിരിക്കുകയാണ് ഡോക്ടര്‍ നെല്‍സണ്‍ ജോസഫ്.

നെല്‍സണ്‍ന്റെ കുറിപ്പ്….

ഒരുമാതിരി ആളെ വടിയാക്കുന്ന പരിപാടി കാണിക്കരുത്. നിങ്ങളെ വിശ്വസിച്ച് ഓരോന്ന് പറഞ്ഞേച്ച് ബാക്കിയുള്ളോരിവിടെ മണ്ടനായിക്കൊണ്ടിരിക്കുന്നത് വല്ലതും അറിയണോ?

ആദ്യം ഫൈനല്‍സ് സിനിമയ്ക്ക് കയറി നിങ്ങടെ പ്രകടനം കണ്ട് വണ്ടറടിച്ച് സുഹൃത്തുക്കളോട് പറഞ്ഞു ഇതാണു സുരാജിന്റെ കരിയര്‍ ബെസ്റ്റെന്ന്.

അതുകഴിഞ്ഞ് എന്റെ കഷ്ടകാലത്തിനു വികൃതിയൊന്ന് കണ്ടുപോയി. .സൗബിനും നിങ്ങളും കൂടി അങ്ങ് അഴിഞ്ഞാടിക്കളഞ്ഞില്ലേ? അത് കണ്ടപ്പൊ പറഞ്ഞത് വീണ്ടും തിരുത്തിപ്പറഞ്ഞു. . മറ്റതല്ല, ഇതാണു ബെസ്റ്റ്

ദേ ഇപ്പൊ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍. കട്ടയ്ക്ക് കട്ടയ്ക്ക് സൗബിന്‍ അവിടേം .സത്യം പറയണം. നിങ്ങളു മുടി ഡൈ ചെയ്ത് വച്ചിരിക്കുന്നതല്ലേ? ശരിക്കും പത്തറുപത്തഞ്ച് വയസുള്ളത് ആള്‍ക്കാരറിയാതിരിക്കാന്‍?

സ്വന്തം പ്രകടനം ഇങ്ങനെ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കാന്‍ നിങ്ങളാരുവാ, സെര്‍ജി ബുബ്കയോ? ഇസിന്‍ബയേവയോ ? അതോ ഉസൈന്‍ ബോള്‍ട്ടോ?

ഇനി ഇതാണു കരിയര്‍ ബെസ്റ്റെന്ന് പറയൂല്ല. . .പിന്നേം മണ്ടനാക്കാനല്ലേ

മാണ്ട

ആ ഐഡിയ മനസിലിരിക്കട്ടെ

നമിച്ചാശാനേ