നല്ല എനര്‍ജി വേണം.. നിര്‍ദേശങ്ങള്‍ നല്‍കി പൃഥ്വിരാജ്, ഒപ്പം സുരാജും മഞ്ജുവും 2000 ജൂനിയര്‍ അര്‍ട്ടിസ്റ്റുകളും; 'എമ്പുരാന്‍' തിരുവനന്തപുരത്ത്, വീഡിയോ പുറത്ത്

മലയാളം കണ്ടതില്‍ വച്ചേറ്റവും വലിയ സിനിമയാകും ‘എമ്പുരാന്‍’. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനോടൊപ്പം തന്നെ ഹൈപ്പും വര്‍ദ്ധിക്കുകയാണ്. സിനിമയുടെ ചിത്രീകരണം നിലവില്‍ തിരുവനന്തപുരത്ത് നടക്കുകയാണ്. വിദേശരാജ്യങ്ങളിലെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഇപ്പോള്‍ തിരുവനന്തപുരത്ത് ഷൂട്ടിംഗ് നടക്കുന്നത്.

രണ്ടായിരം ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ പങ്കെടുത്ത സിനിമയിലെ ഏറ്റവും വലിയ രംഗങ്ങളിലൊന്നാണ് ഇന്നലെ തിരുവനന്തപുരത്ത് ഷൂട്ട് ചെയ്തത്. ഈ സെറ്റില്‍ നിന്നുള്ള ലീക്ക്ഡ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. പൃഥ്വിരാജിന്റെയും മോഹന്‍ലാലിന്റെയും ഫാന്‍ പേജുകളിലാണ് ഈ വീഡിയോ എത്തിയിരിക്കുന്നത്.

സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മണ്ണാമ്മൂല കണ്‍കോഡിയ സ്‌കൂള്‍ എന്നിവടങ്ങളായിരുന്നു ലൊക്കേഷന്‍. മഞ്ജു വാര്യര്‍, നന്ദു, സായ്കുമാര്‍, സുരാജ് വെഞ്ഞറാമ്മൂട്, ബൈജു എന്നിവരുള്‍പ്പെടുന്ന രംഗമാണ് ചിത്രീകരിച്ചത്. സെറ്റില്‍ നിന്നും ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് നിര്‍ദേശം നല്‍കുന്ന പൃഥ്വിയെ വിഡിയോയില്‍ കാണാം.

ആക്ഷന്‍ പറയുമ്പോള്‍ പറഞ്ഞ് തന്നതുപോലെ ചെയ്യണമെന്നും നല്ല എനര്‍ജി വേണമെന്നുമാണ് പൃഥ്വി പറയുന്നത്. പൃഥ്വിക്കൊപ്പം വെള്ള സാരിയുടുത്ത് നില്‍ക്കുന്ന മഞ്ജുവിനെയും വീഡിയോയില്‍ കാണാം. ആയിരക്കണക്കിന് ആളുകളുള്ള ദൈര്‍ഘ്യമേറിയ ഒരുപാട് രംഗങ്ങള്‍ എമ്പുരാനിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അടുത്ത ദിവസം തിരുവനന്തപുരത്തെ ഷെഡ്യൂള്‍ അവസാനിക്കുന്നതോടെ കൊച്ചിയിലാകും ഇനി ചിത്രീകരണം. പിന്നീടുള്ള ഷൂട്ട് ഗുജറാത്തിലാണ്. ഒരു ഷെഡ്യൂള്‍ കൂടി തിരുവനന്തപുരത്ത് ബാക്കിയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 150 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ബജറ്റ്.

ആശിര്‍വാദ് സിനിമാസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. മുരളി ഗോപിയാണ് കഥയും തിരക്കഥയും. മഞ്ജു വാര്യര്‍, ടൊവിനോ, ഇന്ദ്രജിത്ത്, സായ് കുമാര്‍, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പന്‍, സച്ചിന്‍ ഖേദേക്കര്‍ എന്നിവരും ലൂസിഫറിലെ തുടര്‍ച്ചയായി തങ്ങളുടെ വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.