ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പേരുകൾ പുറത്തുവരണമെന്നാണ് ഫെഫ്‌ക നിലപാട്; മുഴുവൻ കാര്യങ്ങളും വസ്‌തുതാപരമായി ശരിയല്ല: ബി ഉണ്ണികൃഷ്ണൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പേരുകൾ പുറത്തുവരണമെന്നാണ് ഫെഫ്‌ക നിലപാടെന്ന് സംവിധായന്‍ ബി ഉണ്ണികൃഷ്ണൻ. റിപ്പോർട്ടിലെ മുഴുവൻ കാര്യങ്ങളും വസ്തുതാപരമായി ശരിയല്ല. സിനിമ മേഖല പവിത്രമായതാണെന്ന മിഥ്യാബോധം ഫെഫ്കയ്ക്കില്ലെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

മലയാള സിനിമ ലോക്കേഷനിലെ കാരവാനില്‍ ഒളിക്യാമറ ഉണ്ടെന്ന നടി രാധിക ശരത് കുമാറിൻ്റെ വെളിപ്പെടുത്തലില്‍ ഇനിയും വ്യക്തത വരാനുണ്ടെന്നും കേട്ടറിവ് പോലും ഇല്ലാത്ത കാര്യങ്ങളാണ് രാധിക പറഞ്ഞതെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. അന്വേഷണവുമായി രാധിക സഹകരിക്കണമെന്നും ഏത് ലൊക്കേഷലാണ് സംഭവം നടന്നതെന്നും പറഞ്ഞതിൽ ഇനിയും വ്യക്തത വരാനുണ്ടെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

അതേസമയം അമ്മ സംഘടനയില്‍ നിന്ന് രാജി വെച്ച മോഹൻലാലിനെ പിന്തുണച്ചും ഉണ്ണികൃഷ്ണൻ പ്രതികരിച്ചു. രാജിയുടെ സത്യസന്ധതയെ അംഗീകരിക്കണം. പൊതുസമൂഹവും മാധ്യമങ്ങളും പ്രതീക്ഷിക്കും വിധം ഇടപെടാൻ കഴിയാത്തത് കൊണ്ടാണ് ലാൽ രാജിവച്ചത്. അത് അദ്ദേഹത്തിൻ്റെ സ്വഭാവത്തിൻ്റെ ഭാഗമാണെന്നും ഉണ്ണികൃഷ്ണൻ കൂട്ടിച്ചേര്‍ത്തു.

താന്‍ എവിടേക്കും ഒളിച്ചോടിയിട്ടില്ലെന്നാണ് ഇന്നലെ മോഹന്‍ലാല്‍ പറഞ്ഞത്. കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിന് ശേഷമാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്. സിനിമ എന്ന് പറയുന്നത് സമൂഹത്തിന്റെ ഭാഗമാണ്. എല്ലാ മേഖലയിലും ഇത്തരം കാര്യങ്ങള്‍ സംഭവിക്കാറുണ്ട്. എന്നുവച്ച് അതിനെയെല്ലാം ഞാന്‍ പ്രോത്സാഹിപ്പിക്കുന്നില്ല. ഞാന്‍ 2 തവണ ഹേമ കമ്മിറ്റിക്ക് മുന്നില്‍ ഹാജരായിരുന്നു. എന്റെ വ്യക്തിപരമായ കാരണങ്ങളാല്‍ ഗുജറാത്തിലും ബോംബെയിലും മദ്രാസിലുമായിരുന്നുവെന്നും മോഹൻലാൽ പറഞ്ഞിരുന്നു.

ഭാര്യയുടെ ശസ്ത്രക്രിയയും ബറോസിന്റെ പ്രവര്‍ത്തനങ്ങളുമായി തിരക്കിലായിരുന്നു. സിനിമകളുടെ റിലീസ് മാറ്റിവച്ചു. ഈ സമയത്ത് അത് റിലീസ് ചെയ്യാനാവില്ല. സിനിമ സമൂഹത്തിന്റെ ഭാഗമാണ്. മറ്റെല്ലായിടത്തും സംഭവിക്കുന്ന കാര്യങ്ങള്‍ ഇവിടെയും സംഭവിക്കുന്നു. അമ്മ ട്രേഡ് യൂണിയനല്ല.

അത് അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി തുടങ്ങിയ സംഘടനയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് സിനിമാ രംഗം ആകെയാണ്. എന്തിനും ഏതിനും കുറ്റപ്പെടുത്തുന്നത് അമ്മയെയാണ്. ഏറ്റവും കൂടുതല്‍ ശരങ്ങള്‍ വരുന്നതും തനിക്കും അമ്മയ്ക്കും നേരെയാണ്. ഈ സാഹചര്യത്തില്‍ അഭിഭാഷകരോട് അടക്കം സംസാരിച്ചാണ് അമ്മയുടെ ചുമതലകളില്‍ നിന്ന് രാജിവെച്ചത് എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

Read more