എന്ത് അടിസ്ഥാനത്തിലാണ് ഹേമാ കമ്മിറ്റി മറ്റ് സംഘടനകളെ ഒഴിവാക്കിയത്? ഡബ്ല്യൂസിസിയെ മാത്രം വിളിച്ചു; വിമര്‍ശനവുമായി ഫെഫ്ക

ഹേമാ കമ്മിറ്റിക്കെതിരെ വിമര്‍ശനവുമായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. ഡബ്ല്യൂസിസിയെ അല്ലാതെ മറ്റ് സംഘടനകളെയൊന്നും ഹേമാ കമ്മിറ്റി വിളിക്കുകയോ വിവരങ്ങള്‍ ശേഖരിക്കുകയോ ചെയ്തിട്ടില്ല. എന്ത് അടിസ്ഥാനത്തിലാണ് മറ്റ് സംഘടനകളെ ഹേമാ കമ്മിറ്റി ഒഴിവാക്കിയത് എന്നാണ് ബി ഉണ്ണികൃഷ്ണന്‍ ചോദിക്കുന്നത്.

എന്ത് അടിസ്ഥാനത്തിലാണ് ഹേമ കമ്മിറ്റി ആളുകളെ കണ്ടതെന്നും നിര്‍മ്മാതാക്കളുടെ സംഘടന, അമ്മ, ഫെഫ്ക അംഗങ്ങള്‍ എങ്ങനെയാണ് ഒഴിവാക്കപ്പെട്ടതെന്നും ഫെഫ്ക കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബി ഉണ്ണികൃഷ്ണന്‍ ചോദിച്ചു.

ഫെഫ്കയിലെ ട്രേഡ് യൂണിയന്‍ ജനറല്‍ സെക്രട്ടറിമാരെ പോലും കമ്മിറ്റി കണ്ടില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരമര്‍ശിച്ച പേരുകളും 15 അംഗ പവര്‍ ഗ്രൂപ്പിലെ അംഗങ്ങളുടെ പേരുകളും പുറത്തുവരണം. സാക്ഷികളില്‍ ചിലര്‍ പ്ലാന്‍ ചെയ്തതാണ് 15 അംഗ പവര്‍ ഗ്രൂപ്പും മാഫിയയും.

സിനിമയില്‍ ഇത് അസാധ്യമാണ്. പവര്‍ ഗ്രൂപ്പില്‍ ആരൊക്കെയാണ് എന്നുള്ളത് നിയമപരമായി പുറത്തുവരണം. ഓഡിഷന്‍ പ്രക്രിയ സംഘടനകളുടെ നിയന്ത്രണത്തിലാണ്. ഇപ്പോള്‍ കാസ്റ്റിങ് കാള്‍ എന്നൊരു പ്രശ്‌നമില്ല. ലൈംഗിക അതിക്രമം സംബന്ധിച്ച രണ്ട് പരാതികളാണ് ലഭിച്ചത്.

അത് പരിഹരിച്ചു എന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറയുന്നത്. ബൈലോയില്‍ ഭേദഗതി വരുത്തി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ പ്രായപരിധി 35 വയസ് എന്നത് മാറ്റിയിട്ടുണ്ട്. വനിതാ പ്രാതിനിധ്യം 20 ശതമാനമായി ഉയര്‍ത്തണമെന്നാണ് ഫെഫ്ക തീരുമാനം എന്നും ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

Read more