ശ്രീനാഥ് ഭാസിയോട് വിശദീകരണം തേടും; ഫിലിം ചേംബര്‍ യോഗം നാളെ

ശ്രീനാഥ് ഭാസിക്കെതിരെ ഔദ്യോഗികമായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫിലിം ചേംബര്‍ വിശദീകരണം തേടും. നാളെ ഫിലിം ചേംബര്‍ യോഗം ചേരും. ‘ചട്ടമ്പി’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍, പരാതിക്കാരി, ശ്രീനാഥ് ഭാസി എന്നിവരോട് യോഗം വിശദീകരണം തേടുമെന്ന് ഫിലിം ചേംബര്‍ സെക്രട്ടറി അനില്‍ തോമസ് വ്യക്തമാക്കി.

ഫിലിം ചേംബറിന്റെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ ആണ് ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തക പരാതി നല്‍കിയത്. അതിനെ കുറിച്ച് ഒരു ചര്‍ച്ച നടക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ തുടര്‍ നടപടി എന്ന നിലയില്‍ ബന്ധപ്പെട്ട എല്ലാവരെയും അവരവരുടെ ഭാഗം കേള്‍ക്കുന്നതിനായി വിളിച്ചിട്ടുണ്ട്.

ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ആയതുകൊണ്ട് നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് ഒരു പരാതി ലഭിച്ചപ്പോള്‍ എന്താണ് അതിന് എടുക്കേണ്ട നടപടികള്‍ എന്നതിനെ കുറിച്ച് ആലോചിക്കേണ്ടതുണ്ട്. എല്ലാവരുടേയും ഭാഗം കേള്‍ക്കാന്‍ ഫിലിം ചേംബര്‍ തീരുമാനം എടുത്തിട്ടുണ്ട്.

Read more

നടനെതിരെ ഔദ്യോഗികമായി പരാതികള്‍ വന്നിരുന്നില്ല. ഇപ്പോഴാണ് അതുണ്ടാകുന്നത്. പരാതി ലഭിച്ചപ്പോള്‍ തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് ബോധ്യപ്പെട്ടതിനാല്‍ ശ്രീനാഥ് ഭാസിക്കും, ചിത്രത്തിന്റെ നിര്‍മ്മാതാവിനും പിആര്‍ഒയ്ക്കും അറിയിപ്പ് കൊടുത്തിട്ടുണ്ട് എന്ന് അനില്‍ തോമസ് ഒരു മാധ്യത്തോട് പ്രതികരിച്ചു.