ഇതൊരു ഫാസിസ്റ്റ് സമീപനമാണ്, പരിപാടിക്ക് വേണ്ട സാമ്പത്തിക സഹായം പോലും ആരുടെ ഭാഗത്തുനിന്നും ലഭിച്ചില്ല; ഫാറൂഖ് കോളേജിനെതിരെ ഫിലിം ക്ലബ്ബ് ഭാരവാഹികൾ

കോഴിക്കോട് ഫാറൂഖ് കോളേജ് ഫിലിം ക്ലബ്ബ് പരിപാടിയുമായി ബന്ധപ്പെട്ട് ജിയോ ബേബിയെ ഒഴിവാക്കിയ സംഭവത്തിൽ വിദ്യാർത്ഥി യൂണിയനെതിരെയും കോളേജ് മാനേജ്മെന്റിനെതിരെയും പ്രതിഷേധവുമായി ഫിലിം ക്ലബ്ബ് ഭാരവാഹികൾ രംഗത്ത്.

ഫിലിം ക്ലബ്ബ് പരിപാടിയുമായി ബന്ധപ്പെട്ട് എത്തിച്ചേരുന്ന ഉദ്ഘാടകന്റെ പരാമർശങ്ങൾ കോളേജിന്റെ ധാർമ്മിക മൂല്യങ്ങൾക്ക് എതിരാണ്, ആയതിനാൽ പ്രസ്തുത പരിപാടിയുമായി ഫാറൂഖ് കോളേജ് വിദ്യാർഥി യൂണിയൻ സഹകരിക്കുന്നതല്ല എന്ന് പറഞ്ഞാണ് ജിയോ ബേബിയെ പരിപാടിയിൽ നിന്നും ഒഴിവാക്കിയത്. എം. എസ്. എഫിന്റെ നേതൃത്വത്തിലുള്ള വിദ്യാർത്ഥി യൂണിയനാണ് ഫാറൂഖ് കോളേജിൽ നിലവിലുള്ളത്.

‘പരിപാടി തീരുമാനിക്കുമ്പോൾ യൂണിയൻ പറഞ്ഞത് ഒരു സഹായവും ഉണ്ടാവില്ലെന്നായിരുന്നു. പരിപാടിക്ക് വേണ്ട സാമ്പത്തിക സഹായമൊന്നും മാനേജ്‌മൻ്റിൻ്റേയോ യൂണിയന്റേയോ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ക്ലബ് സ്വന്തം നിലയ്ക്കാണ് എല്ലാ കാര്യങ്ങളും ചെയ്തത്. അതിഥിയെ ക്ഷണിച്ച് ഒരുക്കങ്ങളെല്ലാം പൂർത്തിയായി ഏറ്റവും ഒടുവിലാണ് പരിപാടി റദ്ദാക്കുന്നത്. നീട്ടിവെക്കുക പോലുമല്ല. ഒരു ചർച്ചയും കൂടാതെ പരിപാടി റദ്ദാക്കിയതായി അറിയിക്കുന്നു.
ഇതൊരു ഫാഷിസ്റ്റ് സമീപനമാണ്.’ എന്നാണ് ഫിലിം ക്ലബ്ബ് ഭാരവാഹികൾ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്. ഇന്നലെ ഫാറൂഖ് കോളേജ് ഫിലിം ക്ലബ്ബ് കോർഡിനേറ്റർ ഡോ. ടി മൻസൂർ അലി രാജിവെച്ചിരുന്നു.

സംഭവത്തിൽ പ്രതിഷേധവുമായി ജിയോ ബേബി രംഗത്തെത്തിയപ്പോഴാണ് സംഭവം വാർത്തയായത്. ജിയോ ബേബിയ്ക്ക് പിന്തുണയുമായി സാമൂഹിക- സാംസ്കാരിക രംഗത്തുനിന്നും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.