ഷെയ്ന്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുക തന്നെ വേണം; നിലപാടില്‍ ഉറച്ച് നിര്‍മ്മാതാക്കള്‍

ഷെയ്ന്‍ നിഗം ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകേണ്ടെന്ന് ഉറച്ച് നിര്‍മ്മാതാക്കള്‍. ഇന്നലെ നടന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിര്‍വ്വാഹക സമിതിയിലാണ് തീരുമാനം. അതേസമയം വിഷയത്തില്‍ താരസംഘടനയായ അമ്മയുമായി തുടര്‍ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

വിഷയത്തില്‍ അമ്മയും നിര്‍മ്മാതാക്കളും തമ്മില്‍ കഴിഞ്ഞ ദിവസം നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയപ്പെട്ടിരുന്നു. മുടങ്ങിയ ചിത്രത്തിന് ഷെയ്‌നില്‍ നിന്ന് ഒരു കോടി രൂപ നിര്‍മ്മാതാക്കള്‍ നഷ്ടപരിഹാരം ആവശ്യപ്പെടുകയും അതു നല്‍കാന്‍ അമ്മ സംഘടന വിസമ്മതിക്കുകയും ചെയ്തതോടെയാണ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത്. ഷെയ്ന്‍ ചെയ്ത തെറ്റിനെ ന്യായീകരിക്കുകയല്ലെന്നും എന്നാല്‍ അയാള്‍ക്ക് കിട്ടാവുന്ന ശിക്ഷ കിട്ടിക്കഴിഞ്ഞു എന്നും ഇത്രയും ദിവസം ഷെയിന്‍ നിഗം പടങ്ങളൊന്നും ഇല്ലാതെ വെറുതെ ഇരിക്കുകയാണെന്നുമാണ് അമ്മ ഭാരവാഹികള്‍ പറഞ്ഞത്.

Read more

ഇടയ്ക്കു വെച്ചു മുടങ്ങിപ്പോയ ചിത്രങ്ങളായ ഖുര്‍ബാനി, വെയില്‍ എന്നീ സിനിമകളുടെ നഷ്ടത്തിനുള്ള പരിഹാരമായാണ് ഒരുകോടി രൂപ നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുന്നത്. നിര്‍മ്മാതാക്കള്‍ക്ക് ഇതൊരു ചെറിയ തുകയാണെങ്കിലും തങ്ങള്‍ക്ക് അങ്ങനെ അല്ലെന്നാണ് ഇടവേള ബാബു പറഞ്ഞത്.