'അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്തിയാല്‍ കലാകാരന്മാര്‍ വളരുകയാണ് ചെയ്യുക': വിശാല്‍ ഭരദ്വാജ്

ഭരണകൂടം അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്ന ഇക്കാലഘട്ടം മറ്റൊരു തരത്തില്‍ കലാകാരന്മാര്‍ക്ക് വളരാന്‍ പറ്റിയ സമയമാണെന്ന് പ്രശസ്ത സംവിധായകന്‍ വിശാല്‍ ഭരദ്വാജ്. അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നമ്മുടെ രാജ്യത്ത് പ്രതിസന്ധികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു എന്നത് സത്യം തന്നെ. എന്നാല്‍ അത്തരം പ്രശ്‌നങ്ങളെ മറ്റൊരു തരത്തില്‍ നോക്കൂ.. ഈക്കാലഘട്ടം തന്നെയാണ് കലാകാരന്മാര്‍ക്ക് വളരാന്‍ പറ്റിയ സാഹചര്യം. കാരണം അടിച്ചമര്‍ത്തപ്പെടുന്തോറും കലാകാരന്‍ വളരുകയാണ്. തന്റെ പുതിയ കവിതാ സമാഹാരം ന്യൂഡിന്റെ പ്രകാശനചടങ്ങിലാണ് സംവിധായകന്‍ ഈക്കര്യം വിശദമാക്കിയത്.

ഓംകാര, ഹെയ്ഡര്‍ എന്ന വിവാദചിത്രങ്ങളുടെ സംവിധായകനാണ് വിശാല്‍. ആ സിനിമകളുടെ റിലീസുമായി ബന്ധപ്പെട്ട് ധാരാളം വിവാദങ്ങളുണ്ടായിരുന്നു. എന്നാല്‍ തന്റെ നിലപാടില്‍ നിന്നു പിന്നോട്ടു പോകാന്‍ വിശാല്‍ ഒരുക്കമായിരുന്നില്ല. ഞാന്‍ എന്റെ സിനിമകളിലൂടെ എന്റെ അഭിപ്രായങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. എന്റെ കാഴ്ച്ചപ്പാടില്‍ അത് വളരെ അനിവാര്യവുമാണ്.

നിങ്ങള്‍ക്ക ശരിയായ വഴിയേതെന്ന് ബോധ്യമുണ്ടെങ്കില്‍ അതേക്കുറിച്ച പറയാന്‍ എന്തിനു മടിക്കണം. മാത്രമല്ല നിങ്ങള്‍ ആരുടെയെങ്കിലും മുഖത്തടിയ്ക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ സമയവും സന്ദര്‍ഭവും ഒത്തുവരുമ്‌പോഴാണ് അതു ചെയ്യേണ്ടത്. എങ്കിലേ ഫലമുള്ളു. അല്ലാതെ അന്തരീക്ഷത്തില്‍ അടിച്ചതു കൊണ്ട് എന്തെങ്കിലും നേട്ടമുണ്ടോ? നമ്മള്‍ ആരേയും പേടിയ്‌ക്കേണ്ടതില്ലെന്ന് ചരിത്രം തന്നെ തെളിയിക്കുന്നുണ്ട് വിശാല്‍ പറയുന്നു.