മുന്‍ ഭര്‍ത്താവിനെ സഹോദരനാക്കി, പരിഹാസമേറ്റുവാങ്ങി ഹോളിവുഡ് നടി

മുന്‍ ഭര്‍ത്താവിനെ സഹോദരനെന്ന് വിളിച്ച നടിക്ക് നേരെ പരിഹാസ പെരുമഴ. ഹോളിവുഡ് താരമായ ഗ്വനേത് പാല്‍ട്രോയാണ് മുന്‍ ഭര്‍ത്താവും നടനുമായ ക്രിസ് മാര്‍ട്ടിനെ സഹോദരനെന്ന് അഭിസംബോധന ചെയ്തത്. “ദ ലേറ്റ് ഷോ വിത്ത് സ്റ്റീഫന്‍ കോബേര്‍ട്ട്” എന്ന ടെലിവിഷന്‍ ഷോയിലായിരുന്നു നടിയുടെ “സഹോദരന്‍” പരാമര്‍ശം. പാല്‍ട്രോയുടെ സഹോദരന്‍ വിളിയെ പരിഹസിച്ചും വിമര്‍ശിച്ചും നിരവധിപേര്‍ രംഗത്തെത്തി. വേര്‍പിരിഞ്ഞാലും ആരെങ്കിലും മുന്‍ ഭര്‍ത്താവിനെ സഹോദരന്‍ എന്ന് വിളിക്കുമോ എന്നാണ് വിമര്‍ശകരുടെ ചോദ്യം.

അഭിമുഖത്തില്‍ വിവാഹ മോചനത്തെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു നടി. വിവാഹ മോചനം വളരെ ദുഖം നിറഞ്ഞ സംഗതിയാണെന്നും തന്നെ സംബന്ധിച്ച് അത്ര എളുപ്പമല്ലായിരുന്നുവെന്നും പറഞ്ഞ പാല്‍ട്രോയുടെ ക്രിസ് തനിക്ക് സഹോദരനെ പോലെയാണെന്ന പ്രസ്താവനയാണ് വിവാദമായത്. തങ്ങള്‍ രണ്ടുപേരും കുഞ്ഞുങ്ങളുടെ സന്തോഷത്തിനാണ് പ്രധാന്യം നല്‍കുന്നതെന്നും അതുകൊണ്ടാണ് വിവാഹ മോചനത്തിന് ശേഷവും ഒരു കുടുംബം പോലെ കഴിഞ്ഞതെന്നും പാല്‍ട്രോ വ്യക്തമാക്കി.

ഒരു പതിറ്റാണ്ടിലധികം നീണ്ടുനിന്ന ദാമ്പത്യത്തിന് ശേഷമാണ് 2016ല്‍ ക്രിസ് മാര്‍ട്ടിനും ഗന്വേത് പാല്‍ട്രോയും വേര്‍പിരിഞ്ഞത്.പതിമൂന്നു വയസ്സും പതിനൊന്നും വയസ്സും പ്രായമുള്ള രണ്ട് കുട്ടികളുണ്ട് ഈ ദമ്പതികള്‍ക്ക്. മാര്‍ട്ടിനുമായി വേര്‍പിരിഞ്ഞതിന് ശേഷം നിര്‍മാതാവും നടനുമായ ബ്രാഡ് ഫാല്‍ച്ചുക്കുമായി പാല്‍ട്രോയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു.