മലയാളത്തില്‍ ഏറെ ശ്രദ്ധ നേടിയ സര്‍വൈവല്‍ ത്രില്ലര്‍ “ഹെലന്‍” ചിത്രത്തിന്റെ തമിഴ് റീമേക്ക് ഒരുങ്ങുന്നു. “അന്‍പിര്‍ക്കിനിയാള്‍” എന്ന് പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകളാണ് പുറത്തെത്തിയിരിക്കുന്നത്. മലയാളത്തില്‍ അന്ന ബെന്നും ലാലും അവതരിപ്പിച്ച വേഷങ്ങള്‍ അരുണ്‍ പാണ്ഡ്യനും മകള്‍ കീര്‍ത്തിയുമാണ് അവതരിപ്പിക്കുന്നത്.
ഗോകുല്‍ സംവിധാനം ചെയ്യുന്ന ചിത്രം അരുണ്‍ പാണ്ഡ്യന്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്. മലയാളത്തില്‍ അസര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നോബിള്‍ തന്നെ തമിഴ് പതിപ്പിലും ഇതേ കഥാപാത്രമായി എത്തുന്നു. ജാവേദ് റിയാസ് സംഗീതം. പ്രദീപ് ഇ. രാഘവ് എഡിറ്റിങ്. മഹേഷ് മുത്തുസാമി ഛായാഗ്രഹണം.
മാത്തക്കുട്ടി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഹെലന്‍. ഹാബിറ്റ് ഓഫ് ലൈഫ് എന്ന ബാനറില്‍ വിനീത് ശ്രീനിവാസന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തില്‍ ഏറെ ശ്രദ്ധേയമായത് അന്ന ബെന്നിന്റെ അഭിനയമായിരുന്നു.
കാനഡയിലേക്ക് പോകാനായുള്ള ഇന്റര്‍വ്യൂ വിജയിച്ച്, പോകാനായി വിമാന ടിക്കറ്റ് വരെ ബുക്ക് ചെയ്ത സമയത്ത് ഹെലന്‍ അപ്രതീക്ഷിതമായി ഒരു ട്രാപ്പില്‍ അകപ്പെടുന്നു. തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങള്‍ ആണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.