'തുടര്‍ച്ചയായി അശ്ലീല അധിക്ഷേപ പരാമര്‍ശങ്ങള്‍'; ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കി ഹണി റോസ്

ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസ് പരാതി നല്‍കി. തനിക്കെതിരെ തുടര്‍ച്ചയായി അശ്ലീല അധിക്ഷേപങ്ങള്‍ നടത്തുന്നുവെന്ന് കാണിച്ചാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ ഹണി റോസ് ഇന്ന് രാവിലെ പരാതി നല്‍കിയത്. ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കിയ വിവരം ഹണി റോസ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

”ബോബി ചെമ്മണ്ണൂര്‍, താങ്കള്‍ എനിക്കെതിരെ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്കെതിരെ ഞാന്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കൂട്ടാളികള്‍ക്കെതിരെയുള്ള പരാതികള്‍ പുറകെ ഉണ്ടാവും. താങ്കള്‍ താങ്കളുടെ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കൂ, ഞാന്‍ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു” എന്നാണ് ഹണി റോസ് കുറിച്ചിരിക്കുന്നത്.

View this post on Instagram

A post shared by Honey Rose (@honeyroseinsta)

അതേസമയം, ഇന്ന് രാവിലെ കൊച്ചി സിറ്റി പൊലീസ് കമ്മിഷ്ണര്‍ പുട്ട വിമലാദിത്യയുമായി ഹണി റോസ് കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയാണ് ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കിയത്. ഹണി റോസ് ഫെയ്‌സ്ബുക്കിലിട്ട കുറിപ്പിന് താഴെ അശ്ലീലവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ നടത്തിയ 30 പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു.

പിന്നാലെ ഇന്‍സ്റ്റഗ്രാം പേജിലും അധിക്ഷേപങ്ങള്‍ നടത്തിയവര്‍ക്കെതിരെയും പൊലീസ് നടപടി എടുക്കാന്‍ ഒരുങ്ങുന്നുണ്ട്. യുട്യൂബ് ചാനലുകള്‍ക്കെതിരെയും കേസ് എടുത്തേക്കും. നാല് മാസം മുമ്പ് നടന്ന ഉദ്ഘാടന ചടങ്ങിനിടെ ബോബി ചെമ്മണ്ണൂര്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളെ കുറിച്ച് ഇയാളുടെ പേര് പരാമര്‍ശിക്കാതെ ഹണി റോസ് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരുന്നു.