'നിഴലിലെ സൂപ്പര്‍ ക്യൂട്ട് ബോയ്', സ്റ്റീവന്‍ ജെറാര്‍ഡിനെ അഭിമുഖം ചെയ്ത കൊച്ചുമിടുക്കന്‍; ഫസ്റ്റ്‌ലുക്ക് പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍

കുഞ്ചാക്കോ ബോബന്‍-നയന്‍താര ചിത്രം “നിഴലി”ലെ പുതിയ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഇസിന്‍ ഹാഷ് എന്ന ബാലതാരത്തിന്റെ ഫസ്റ്റ്‌ലുക്ക് ആണ് റിലീസ് ചെയ്തിരിക്കുന്നത്. “”ഇസിന്‍ ഹാഷിനെ പരിചയപ്പെടുത്തുന്നു.. നിഴലിലെ സൂപ്പര്‍ ക്യൂട്ട് ബോയ്”” എന്ന ക്യാപ്ഷനോടെയാണ് കുഞ്ചാക്കോ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.

എന്നാല്‍ ഇസിന്‍ ഹാഷിനെ പ്രേക്ഷകര്‍ക്ക് നേരത്തെ പരിചയമുണ്ട്. രണ്ടു വര്‍ഷം മുമ്പ് ലിവര്‍പൂള്‍ ഇതിഹാസ താരം സ്റ്റീവന്‍ ജെറാര്‍ഡിനെ അഭിമുഖം ചെയ്ത് വാര്‍ത്തകളില്‍ ഇടം നേടിയ കൊച്ചു മിടുക്കന്‍ ആണ് ഇസിന്‍ ഹാഷ്. അറബിക് പരസ്യങ്ങളിലെ “എമിറാത്തി ബോയ്” എന്ന പേരിലും പ്രശസ്തനായ താരമാണ് ഇസിന്‍.

നിലമ്പൂര്‍ സ്വദേശിയും ദുബായില്‍ മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന ഹാഷ് ജവാജിന്റെ മകനാണ് ഇസിന്‍. കിന്‍ഡര്‍ ജോയ്, വോക്‌സ് വാഗണ്‍, നിഡോ, വാര്‍ണര്‍ ബ്രോസ്, ലൈഫ്‌ബോയ്, ഹുവായ് തുടങ്ങിയ ബ്രാന്‍ഡുകളുടെ പരസ്യങ്ങളിലും ഇസിന്‍ അഭിനയിച്ചിട്ടുണ്ട്.

എഡിറ്റര്‍ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന നിഴല്‍ ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് ഇസിന്‍ ഹാഷ്. കുഞ്ചാക്കോ ബോബനും നയന്‍താരയും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയോടെയാണ് നിഴല്‍ ഒരുങ്ങുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ് സഞ്ജീവ് ആണ്.

Read more