മലയാളത്തിന് ഇത് ത്രില്ലര്‍ കാലം; അഞ്ചാം പാതിരയ്ക്ക് പിന്നാലെ ജയസൂര്യയുടെ അന്വേഷണവും

കുഞ്ചാക്കോ ബോബന്‍ ചിത്രം അഞ്ചാം പാതിരയ്ക്ക് പിന്നാലെ മറ്റൊരു ത്രില്ലര്‍ ചിത്രവും തിയേറ്ററുകളിലെത്താന്‍ തയ്യാറെടുക്കുകയാണ്. ലില്ലി സംവിധായകന്‍ പ്രശോഭ് വിജയന്‍ ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന അന്വേഷണം എന്ന ചിത്രമാണത്. സത്യം എപ്പോഴും വിചിത്രമായിരിക്കും” എന്ന ടാഗ് ലൈനോടുകൂടെ എത്തുന്ന ചിത്രം ഒരു മെഡിക്കല്‍ ത്രില്ലര്‍ ആണെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. അതേസമയം

ചിത്രത്തിന്റെ കഥ നവാഗതനായ ഫ്രാന്‍സിസ് തോമസിന്റേതാണ്. അന്വേഷണത്തിന്റെ പോസ്റ്ററുകള്‍ക്കും ട്രെയിലറിനും വളരെ മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

ലാല്‍, വിജയ് ബാബു,ശ്രുതി രാമചന്ദ്രന്‍, ലിയോണ ലിഷോയ്, ലെന തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്. സുജിത് വാസുദേവാണ് ഛായാഗ്രഹണം. ഇ4 എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ മുകേഷ്.ആര്‍.മെഹ്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജേക്‌സ് ബിജോയ് സംഗീതം നിര്‍വഹിക്കുന്ന ചിത്രം ഈ മാസം 31 ന് തിയേറ്ററുകളിലെത്തും.

നിരവധി ചിത്രങ്ങളാണ് ജയസൂര്യയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കുന്ന ആട് സീരിസിന്റെ 3ഡി വേര്‍ഷന്‍, പ്രജേഷ് സെന്‍ ഒരുക്കുന്ന വെള്ളം, നടന്‍ സത്യന്റെ ജീവിതം പറയുന്ന ബയോപിക്, വിനയന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പേരിടാത്ത ചിത്രം, വി.കെ പ്രകാശ് ഒരുക്കുന്ന ഇ. ശ്രീധരന്റെ ജീവിതകഥ എന്നിവയാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.