രോമാഞ്ചത്തിന് ശേഷം ജിത്തു മാധവന്‍ ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. അന്‍വര്‍ റഷീദും ഫഹദ് ഫാസിലും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ‘ആവേശം’ എന്നാണ് പേരെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് ഔദ്ദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഫഹദ് തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ച വിവരം അറിയിച്ചിരുന്നത്.
രണ്ട് മാസം നീണ്ടതായിരുന്നു ആദ്യ ഷെഡ്യൂള്‍. കാമ്പസ് പശ്ചാത്തലമാക്കുന്നതാകും കഥയെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തത്. കോമഡി എന്റര്‍ടെയ്‌നര്‍ ഴോണറില്‍, ഈ വര്‍ഷം തന്നെ ഓണം റിലീസ് ആയിരിക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. രോമാഞ്ചത്തിലേതിന് സമാനമായി ബെംഗളൂരു തന്നെയാണ് പ്രധാന ലൊക്കേഷന്‍.
Read more
ഈ വര്‍ഷത്തെ മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹിറ്റ് ആയിരുന്നു രോമാഞ്ചം. മികച്ച പ്രേക്ഷക പ്രതികരണവും കളക്ഷനും നേടിയ ചിത്രം ഏപ്രില്‍ ഏഴ് മുതല്‍ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്സല്‍ പി എച്ച്, അബിന്‍ ബിനൊ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ്, ജോമോന്‍ ജ്യോതിര്‍, ശ്രീജിത്ത് നായര്‍, ദീപിക ദാസ്, അസിം ജമാല്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജോണ്‍പോള്‍ ജോര്‍ജ് പ്രൊഡക്ഷന്‍സ്, ഗപ്പി സിനിമാസ് എന്നീ ബാനറുകളില്‍ ജോണ്‍പോള്‍ ജോര്‍ജ് ആണ് നിര്‍മ്മാണം. അന്നം ജോണ്‍പോള്‍, സുഷിന്‍ ശ്യാം എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. സനു താഹിര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കിരണ്‍ ദാസ് ആണ്. സംഗീതം സുഷിന്‍ ശ്യാം. പുതിയ ചിത്രത്തിന് സംഗീതമൊരുക്കുന്നതും സുഷിന്‍ ആണ്.