മമ്മൂട്ടി സ്ത്രീലമ്പടനായ വില്ലനാകും, പുതിയ പരീക്ഷണവുമായി താരം; ജിതിന്‍ കെ ജോസ് ചിത്രത്തെ കുറിച്ച് ജോണ്‍ ബ്രിട്ടാസ്

ജിതിന്‍ കെ ജോസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തില്‍ സ്ത്രീപീഡകനായ വില്ലന്‍ വേഷമാണ് മമ്മൂട്ടിയുടെതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. വിനായകന്‍ നായകനാകുന്ന ചിത്രത്തിലാണ് മമ്മൂട്ടി വില്ലനായി എത്തുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പുതിയ സിനിമയില്‍ പുള്ളിയാണ് വില്ലന്‍. വില്ലന്‍ എന്ന് പറഞ്ഞാല്‍ സ്ത്രീപീഡകനായ വില്ലന്‍. അപ്പോള്‍ ഞാന്‍ ചോദിച്ചു ‘അത് ആരാധകരെ വിഷമിപ്പിക്കുമോ’ എന്ന്. ‘എന്ത് ആരാധകര്‍? നമ്മള്‍ ഓരോ പരീക്ഷണങ്ങള്‍ നടത്തികൊണ്ടിരിക്കുകയല്ലേ’ എന്ന് അദ്ദേഹം പറഞ്ഞു.

എന്റെ ഒരു അഭിപ്രായത്തില്‍ ഇത്രത്തോളം പരീക്ഷണങ്ങള്‍ നടത്തുന്ന നടനുണ്ടോ? അദ്ദേഹം ഒരു അത്ഭുതമാണ്. മമ്മൂക്കയ്ക്ക് ആ പരീക്ഷണങ്ങള്‍ തന്നെയാണ് നല്ലത്. അദ്ദേഹത്തിന് ഇനി നേടാന്‍ ഒന്നും ബാക്കിയില്ല. ഇനി നേടാനുള്ളത് എല്ലാം പുത്തന്‍ പരീക്ഷണങ്ങളിലൂടെയാണ് എന്നാണ് ജോണ്‍ ബ്രിട്ടാസ് ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

അതേസമയം, ചിത്രത്തിന്റെ ഷൂട്ടിങ് നാഗര്‍കോവിലില്‍ ആരംഭിച്ചിരുന്നു. ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രത്തിന്റെ സംവിധായകനായ റോബി വര്‍ഗീസ് രാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

ക്രൈം ത്രില്ലറായി ഒരുങ്ങുന്ന സിനിമയ്ക്ക് സുഷിന്‍ ശ്യാം ആകും സംഗീതം ഒരുക്കുക. ഭ്രമയുഗം, റോഷാക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എത്തുന്ന മ്മൂട്ടിയുടെ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം കൂടിയാണിത്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പി’ന്റെ കഥാകൃത്തായിരുന്നു ജിതിന്‍ കെ ജോസ്.

Read more