കാളിയന്റെ ഓഡിഷന് വന്‍ തിരക്ക്

പൃഥ്വിരാജ് സുകുമാരന്‍ നായകനായി പ്രഖ്യാപിക്കപ്പെട്ട ബിഗ്ബജറ്റ് ചിത്രമാണ് കാളിയന്‍. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രഖ്യാപിച്ച ഈ ചിത്രം, കോവിഡ് സാഹചര്യം മൂലമൊക്കെ നീണ്ടുപോവുകയായിരുന്നു. ഏതായാലും ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കാന്‍ പ്ലാന്‍ ചെയ്യുന്ന ഈ ചിത്രത്തിന്റെ ഓഡിഷന് രജിസ്റ്റര്‍ ചെയ്യാന്‍ ഇപ്പോള്‍ കൊച്ചിയില്‍ വമ്പന്‍ ജനാവലിയാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്.

കോരിച്ചൊരിയുന്ന മഴയിലും മോശം കാലാവസ്ഥയിലും, ഒരുപാട് ബുദ്ധിമുട്ടിയാണ് സിനിമ മോഹികളായ പുതുമുഖങ്ങള്‍ ഇതിന്റെ ഓഡിഷന് വേണ്ടി എത്തിയിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് വരെ രെജിസ്‌ട്രേഷന്‍ നടക്കുന്ന സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. കൊച്ചിയില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ചരിത്ര കഥാപാത്രങ്ങളുടെ രൂപഭാവങ്ങളുണ്ടോയെന്നും, ഉണ്ടെങ്കില്‍ കാളിയനൊപ്പം കൂടാം, ചരിത്രത്തിന്റെ ഭാഗമാകാമെന്ന വാക്കുകളോടെയാണ് ഈ കാസ്റ്റിംഗ് കാള്‍ പുറത്തു വന്നത്.

ഏഴു വയസ്സ് മുതല്‍ എഴുപതു വയസ്സു വരെയുള്ള ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഈ ചിത്രത്തിലഭിനയിക്കാനുള്ള അവസരമുണ്ട്. ഇന്നും നാളെയുമായി കൊച്ചി വൈ എം സി എ ഹാളില്‍ വെച്ചാണ് ഓഡിഷന് പങ്കെടുക്കാനാഗ്രഹിക്കുന്നവരുടെ സ്‌പോട് രെജിസ്‌ട്രേഷന്‍ നടക്കുന്നത്. നവാഗതനായ എസ് മഹേഷ് സംവിധാനം ചെയ്യാന്‍ പോകുന്ന ഈ ചിത്രം, വേണാട് ചരിത്രത്തിലെ വീരപുരുഷനും പടത്തലവനുമായ ഇരവിക്കുട്ടിപ്പിള്ളയുടെയും, ആത്മ മിത്രം കുഞ്ചിറക്കോട്ട് കാളിയുടെയും കഥയാണ് പറയുക.

Read more

മാധ്യമപ്രവര്‍ത്തകനായ ബി ടി അനില്‍ കുമാര്‍ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദനാണ് നിര്‍മ്മിക്കാന്‍ പോകുന്നത്. സുജിത് വാസുദേവ് ക്യാമറ ചലിപ്പിക്കാന്‍ പോകുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ശങ്കര്‍- ഇഹ്സാന്‍- ലോയ് ടീമാണ്.