ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്ന പഞ്ചായത്തുകള്‍ക്ക് കുക്കറുകള്‍ കൈമാറി പൃഥ്വിരാജും ഷാജി കൈലാസും

ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്ന കൂട്ടിക്കല്‍, കൊക്കയാര്‍ പഞ്ചായത്തുകള്‍ക്ക് കുക്കറുകള്‍ കൈമാറി ‘കടുവ’ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. ഇരുപഞ്ചായത്തുകള്‍ക്കുമായി 200 കുക്കറുകളാണ് പൃഥ്വിരാജും സംവിധായകന്‍ ഷാജി കൈലാസും ചേര്‍ന്ന് നല്‍കിയത്.

കൂട്ടിക്കല്‍ പഞ്ചായത്തിനുവേണ്ടി 13-ാം വാര്‍ഡ് അംഗം മോഹനനും കൊക്കയാര്‍ പഞ്ചായത്തിനു വേണ്ടി പ്രസിഡന്റ് പ്രിയയും സഹായം ഏറ്റുവാങ്ങി. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന കടുവയുടെ ചിത്രീകരണം ഷാജി കൈലാസ് 24ന് ആണ് പുനരാരംഭിച്ചത്.

എട്ടു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ. ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നു നിര്‍മ്മിക്കുന്ന കടുവയുടെ തിരക്കഥ ജിനു വി. എബ്രഹാമിന്റേതാണ്. അടുത്ത വര്‍ഷം വിഷു റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറക്കാര്‍ പദ്ധതിയിടുന്നത്.

Read more

സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു. ബോളിവുഡ് താരം വിവേക് ഒബ്‌റോയ് ഒരു പ്രധാന കഥാപാത്രമായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല.