കന്നട സിനിമയില്‍ പുതുവഴി തെളിച്ചവരില്‍ ഒരാളാണ് ഋഷഭ് ഷെട്ടി. ഇന്ത്യയൊട്ടാകെ ചലനം സൃഷ്ടിച്ച സിനിമയാണ് ഋഷഭ് ഷെട്ടിയുടെ ‘കാന്താര’. ചിത്രത്തിന്റെ അടുത്ത ഭാഗത്തിനായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ പ്രീക്വല്‍ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. കന്നടയില്‍ നിന്നും വീണ്ടുമൊരു വിസ്മയം എത്തുമെന്നാണ് ചിത്രത്തെ കുറിച്ചെത്തിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കാന്താര: ചാപ്റ്റര്‍ 1ന് ആയി വമ്പന്‍ സെറ്റാണ് ഒരുങ്ങുന്നത്. 20 ദിവസത്തെ ഷെഡ്യൂളോടെ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഈ ആഴ്ച ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ ഷെഡ്യൂളില്‍ വനത്തിനുള്ളിലെ പ്രധാന ഭാഗങ്ങളാണ് ചിത്രീകരിക്കുക.
കൂടാതെ കുന്താപുര എന്ന സ്ഥലത്ത് സിനിമയുടെ കഥയുമായി ബന്ധപ്പെട്ടുള്ള ഭാഗങ്ങളും ചിത്രീകരിക്കും. 200×200 അടി വിസ്തീര്‍ണമുള്ള ഒരു കൂറ്റന്‍ കുന്താപുര സെറ്റാണ് നിര്‍മ്മിക്കുന്നത്. ഇത് കൂടാതെ മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള 600 ആശാരിമാരെയും സ്റ്റണ്ട് മാസ്റ്റര്‍മാരെയും കുന്താപുരയിലേക്ക് എത്തിച്ചിട്ടുണ്ട്.
സിനിമയിലെ അഭിനേതാക്കള്‍ കഠിനമായ പരിശീലന സെഷനുകളിലൂടെ കടന്നുപോകുകയാണെന്നും സിനിമയുടെ അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു. പഞ്ചുരുളി എന്ന നാടും ഗുളിഗ ദൈവിക ദേവതകളെയും സൗത്ത് ഇന്ത്യ ഒട്ടാകെ എത്തിച്ചു കൊണ്ട് വലിയ സ്വീകാര്യത നേടിയ ചിത്രമാണ് കാന്താര.
കാന്താരയുടെ ചരിത്രമാണ് ഇനി പറയാന്‍ പോകുന്നത്. ഋഷബ് ഷെട്ടി സംവിധാനം ചെയ്ത് അഭിനയിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അജനീഷ് ലോക്‌നാഥാണ്. ഛായാഗ്രഹണം അരവിന്ദ് കശ്യപ് നിര്‍വ്വഹിക്കും. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു.