പാടാൻ കൊതിച്ചു പക്ഷെ..; പൊന്നമ്മ ജീവിച്ചുതീർത്ത അഭിനയം

കുട്ടിക്കാലത്ത് ഒരിക്കൽ പോലും അഭിനയിക്കണം എന്ന മോഹമില്ലാതിരുന്ന, സംഗീതത്തെ അത്രമാത്രം സ്നേഹിച്ചിരുന്ന, അതിൽ മുഴുകിയിരുന്ന ഒരാൾ. അതായിരുന്നു കവിയൂർ പൊന്നമ്മ. അച്ഛന്റെ കൈ പിടിച്ച് അമ്പലത്തിലെ കച്ചേരികൾ കേട്ട് താളം പിടിച്ചു തുടങ്ങിയതായിരുന്നു പൊന്നമ്മ.

എംഎസ് സുബ്ബുലക്ഷ്മിയെ പോലെ ലോകമറിയുന്ന ഒരു സംഗീതജ്ഞ ആകാനായിരുന്നു പൊന്നമ്മയുടെ ആഗ്രഹം. ഇത് ആറു പതിറ്റാണ്ട് നീണ്ട തന്റെ അഭിനയ ജീവിതത്തിനിടയിലും കവിയൂർ പൊന്നമ്മ പലപ്പോഴും ഓർത്തിരുന്നു. അഞ്ചാം വയസ്സിലെ സംഗീതപഠനത്തിലൂടെയായിരുന്നു പൊന്നമ്മയുടെ കലാരംഗത്തേക്കുള്ള ചുവടുവെപ്പ്. എൽപിആർ വർമ, വെച്ചൂർ എസ് സുബ്രഹ്മണ്യയ്യർ എന്നിവരുടെ ശിക്ഷണത്തിലാണ് സംഗീതം അഭ്യസിച്ചത്. ചങ്ങനാശേരയിലായിരുന്നു സംഗീത പഠനം. 11-ാം വയസ്സിൽ അരങ്ങേറ്റവും കഴിഞ്ഞു.

എംഎസ് സുബ്ബുലക്ഷ്മിയെ നേരിട്ട് കാണാനുള്ള ഭാഗ്യവും പൊന്നമ്മയ്‍ക്ക് ഒരിക്കൽ ലഭിച്ചിരുന്നു. കോട്ടയം തിരുനക്കര ക്ഷേത്രത്തിൽ വച്ചായിരുന്നു അത്. പട്ടുസാരി അണിഞ്ഞ് തലനിറയെ പൂവും വൈരമൂക്കുത്തിയും അണിഞ്ഞ സുബ്ബുലക്ഷ്മിയെ കണ്ടതോടെ ഇതുപോലെ ലോകമറിയുന്നൊരു സംഗീതജ്ഞ ആകണം എന്ന് പൊന്നമ്മ ആഗ്രഹിച്ചു.

Nirmalayam (1973) | Art House Cinema

സുബലക്ഷ്മിയും കവിയൂർ പൊന്നമ്മയുടെ ചുവന്ന വട്ടപ്പൊട്ടും തമ്മിലും ഒരു ബന്ധമുണ്ട്. അതിനെകുറിച്ച് പൊന്നമ്മ പറഞ്ഞത് ഇങ്ങനെയാണ്. ‘എവിടെ സംഗീതക്കച്ചേരിയുണ്ടെങ്കിലും അവിടെയെല്ലാം എന്നെയും അച്ഛൻ കൊണ്ടു പോകുമായിരുന്നു. ഒരിക്കൽ ഞാനും അച്ഛനും കൂടി എം.എസ് സുബ്ബലക്ഷ്മിയുടെ സംഗീതക്കച്ചേരി കേൾക്കാൻ പോയി. സ്വർണം പോലെ തിളങ്ങുന്ന ഒരു സ്ത്രീ. വൈരമാലയും സ്വർണ മൂക്കുത്തിയും ചുവന്ന വട്ടപ്പൊട്ടുമിട്ട ആ സ്ത്രീയെ ഓർത്ത് അന്ന് എനിക്ക് ഉറങ്ങാനെ കഴിഞ്ഞില്ല. പിറ്റേ ദിവസം മുതൽ മൂക്കുത്തിയും ചുവന്ന വട്ടപ്പൊട്ടും എന്റെ ജീവിതത്തിന്റെ ഭാഗമായി’ എന്നാണ് ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ കവിയൂർ പൊന്നമ്മ പറഞ്ഞത്.

അക്കാലത്തെ പ്രമുഖ നാടക കമ്പനിയായ പ്രതിഭ ആർട്‌സിന്റെ നാടകങ്ങളിൽ ഗായികയായാണ് കലാരംഗത്തേക്ക് വരുന്നത്. ഡോക്ടർ എന്ന നാടകത്തിലാണ് ആദ്യമായി പാടുന്നത്. 1963ൽ കാട്ടുമൈന എന്ന സിനിമയിലൂടെയാണ് കവിയൂർ പൊന്നമ്മ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. വെളുത്ത കത്രീന, തീർഥയാത്ര, ധർമയുദ്ധം, ഇളക്കങ്ങൾ, ചിരിയോ ചിരി, കാക്കക്കുയിൽ തുടങ്ങി എട്ടോളം സിനിമകളിലും പാട്ടുപിടിയിട്ടുണ്ട്. പി. ഭാസ്‌കരന്റെ വരികളിൽ എടി ഉമ്മറിന്റെ വരികളിൽ 1972ൽ പാടിയ അംബികേ ജഗദംബികേ എന്നു തുടങ്ങുന്ന ഭക്തിഗാനം ഇതിൽ പ്രശസ്തമാണ്.

RIP Kaviyoor Ponnamma: Rare pictures of the late veteran Malayalam actress from her iconic films | - Times of India

തോപ്പിൽഭാസി കെപിഎസിക്കു വേണ്ടി എഴുതിയ ‘മൂലധനം’ എന്ന നാടകത്തിലേക്ക് ഗായികയെ തേടിയാണ് അദ്ദേഹവും സംഗീതസംവിധായകൻ ജി. ദേവരാജനും ഗാനരചയിതാവ് കേശവൻപോറ്റിയും വീട്ടിലെത്തിയത്. പാട്ടു പാടാനെത്തിയ 14 വയസുകാരിയായ പൊന്നമ്മയ്ക്ക് പെട്ടെന്നൊരു സാഹചര്യത്തിൽ അഭിനയിക്കേണ്ടി വന്നതായിരുന്നു അഭിനയജീവിതത്തിലേക്കുള്ള തുടക്കം.

ദേവരാജൻ മാസ്റ്റർ മുഖേന കുടുംബിനി എന്ന ചിത്രത്തിൽ രണ്ട് കുട്ടികളുടെ അമ്മയായി അഭിനയിച്ചുകൊണ്ട് വെള്ളിത്തിരയിലെത്തി. ചിത്രത്തിൽ രണ്ടു കുട്ടികളുടെ അമ്മയായി വേഷമിട്ട പൊന്നമ്മയോട് പിന്നീട് സംവിധായകൻ ജെ ശശികുമാർ തൻ്റെ ‘തൊമ്മൻ്റെ മക്കൾ’ എന്ന ചിത്രത്തിൽ അമ്മയായി അഭിനയിക്കാമോ എന്ന് ചോദിച്ചപ്പോൾ അതും തന്റെ 22 ആം വയസിൽ പൊന്നമ്മ ഏറ്റെടുത്തു.

20ാം വയസിൽ സത്യന്റെയും മധുവിന്റെയും വരെ അമ്മയായി വേഷമിട്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ പ്രകടനം കാഴ്ച വെച്ച പൊന്നമ്മ സിനിമയിലെ അവസാന നാളുകൾ വരെയും ഏറ്റവും ഭംഗിയായി അമ്മ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു. മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട അമ്മ തന്നെയായിരുന്നു കവിയൂർ പൊന്നമ്മ.