ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനത്ത് വനിതയെ നിയമിക്കണമെന്ന് ആവശ്യം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകളുടെയും ചെയര്‍മാനായിരുന്ന രഞ്ജിത്തിന്റെ രാജിയുടെയും പശ്ചാത്തലത്തിലാണ് വനിതയെ നിയമിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്.
വനിതാപ്രാതിനിധ്യം വേണമെന്ന ആവശ്യം സിപിഎമ്മിലും ഉയര്‍ന്നിട്ടുണ്ട്. വൈസ് ചെയര്‍മാനും അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറുമായിരുന്ന എഡിറ്റര്‍ ബീന പോളിനെ അധ്യക്ഷയാക്കണമെന്ന് ആവശ്യപ്പെട്ട് വനിതകളുടെ കൂട്ടായ്മ സര്‍ക്കാരിനെ സമീപിച്ചിരുന്നു.
ഡബ്ല്യൂസിസിയും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ചലച്ചിത്രമേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള ദീപിക സുദര്‍ശന് വേണ്ടിയും ഒരു വിഭാഗം വാദിക്കുന്നുണ്ട്. നിയമനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും മുഖ്യമന്ത്രിയുടെയും സാംസ്‌കാരികമന്ത്രിയുടെയും നിലപാടും നിര്‍ണായകമാകും.
അതേസമയം, ബംഗാളി നടിയുടെ പരാതിയെ തുടര്‍ന്ന് ഓഗസ്റ്റ് 5ന് ആണ് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനം രാജിവച്ചത്. പലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തിയ ശേഷം രഞ്ജിത്ത് ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു നടിയുടെ ആരോപണം.