'കാടിനുള്ളില്‍ ഒരു വീട്, കൂരിരുട്ടില്‍ അവരും', ഭയപ്പെടുത്തുന്ന കാഴ്ചകളുമായി 'കൃഷ്ണന്‍കുട്ടി പണി തുടങ്ങി'; ട്രെയ്‌ലര്‍, ട്രെന്‍ഡിംഗില്‍ ഒന്നാമത്

വിഷ്ണു ഉണ്ണികൃഷ്ണന്‍, സാനിയ ഇയ്യപ്പന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സൂരജ് ടോം സംവിധാനം ചെയ്യുന്ന “കൃഷ്ണന്‍കുട്ടി പണി തുടങ്ങി”യുടെ ട്രെയ്‌ലര്‍ പുറത്ത്. കോമഡി ഹൊറര്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഉണ്ണിക്കണ്ണന്‍ എന്ന ഹോം നഴ്സ് ആയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ വേഷമിടുന്നത്. ഉണ്ണിക്കണ്ണന്റെ ജീവിതത്തില്‍ അവിചാരിതമായി സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന ചിത്രത്തിന് ശേഷം സൂരജ് ടോമും, നിര്‍മ്മാതാവ് നോബിള്‍ ജോസും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. ഇഫാര്‍ മീഡിയ റാഫി മതിര അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് പെപ്പര്‍കോണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ നോബിള്‍ ജോസ് ആണ്. സീ ഫൈവ് പ്ലാറ്റ്‌ഫോമില്‍ വിഷു ദിനത്തില്‍ ചിത്രം റിലീസിനെത്തും.

“പൊടിമീശ മുളയ്ക്കണ കാലം” എന്ന എവര്‍ഗ്രീന്‍ സോംഗ് ഒരുക്കിയ സംഗീത സംവിധായകന്‍ ആനന്ദ് മധുസൂദനന്‍ ആദ്യമായ് ഒരു സിനിമയ്ക്ക് കഥയും, തിരക്കഥയും, സംഭാഷണവും ഒരുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ സംഗീതവും ആനന്ദിന്റെതാണ്. ഗാനരചന ഹരി നാരായണന്‍.

Read more

പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ഛായാഗ്രഹണം ജിത്തു ദാമോദറും, സൗണ്ട് ഡിസൈനിംഗ് ബാഹുബലി, പത്മാവദ് എന്നീ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനറും, നാഷണല്‍ അവാര്‍ഡ് ജേതാവുമായ ജെസ്റ്റിന്‍ ജോസുമാണ് നിര്‍വ്വഹിക്കുന്നത്. എഡിറ്റിംഗ്-കിരണ്‍ ദാസ്, പ്രൊഡക്ഷന്‍-ഡിസൈനര്‍ എം. ബാവ.