പാട്ടില്‍ പണി കിട്ടി, ബ്ലൂ ടൈഗേഴ്‌സിന്റെ ആന്തത്തിനെതിരെ 'ആടുജീവിതം' നിര്‍മ്മാതാക്കള്‍; നിയമനടപടി സ്വീകരിക്കും

കേരള ക്രിക്കറ്റ് ലീഗിലെ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ നിയമ നടപടിക്കൊരുങ്ങി ‘ആടുജീവിതം’ സിനിമയുടെ നിര്‍മാതാക്കള്‍. സിനിമയുടെ പ്രചാരണത്തിനായി എആര്‍ റഹ്‌മാന്‍ ഒരുക്കിയ ‘ഹോപ്പ്’ എന്ന ഗാനം അനുമതിയില്ലാതെ എഡിറ്റ് ചെയ്ത് ബ്ലൂ ടൈഗേര്‍സിന്റെ ഒഫീഷ്യല്‍ ആന്തമായി ഉപയോഗിച്ചു എന്നാണ് പരാതി.

ഹോപ്പ് എന്ന ഗാനത്തിനായി ചിത്രീകരിച്ച വിഷ്വലുകള്‍ എഡിറ്റ് ചെയ്താണ് ഗാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ നിയമപരമായി നീങ്ങുമെന്ന് നിര്‍മ്മാതാക്കളായ വിഷ്വല്‍ റൊമാന്‍സ് അറിയിച്ചു. ഓഗസ്റ്റ് 30ന് ആണ് കൊച്ചി ബ്ലൂ ടൈഗേര്‍സിന്റെ ഒഫീഷ്യല്‍ ആന്തം പുറത്തിറങ്ങിയത്.

ഗാനത്തിന്റെ പകര്‍പ്പവകാശം ബ്ലൂ ടൈഗേഴ്സിന്റെ ഉടമസ്ഥതയിലുള്ള യുകെ കമ്പനിക്ക് കൈമാറിയെങ്കിലും, അത് എഡിറ്റ് ചെയ്യാന്‍ ഉടമസ്ഥതാവകാശം കൈമാറിയിരുന്നില്ല എന്നാണ് വിഷ്വല്‍ റൊമാന്‍സ് പറയുന്നത്. ഇത് കാണിച്ച് നിര്‍മ്മാതാക്കള്‍ കേരള ക്രിക്കറ്റ് അസോസിയേഷന് നോട്ടീസ് അയച്ചിട്ടുണ്ട്.

എആര്‍ റഹ്‌മാന്‍, റിയാഞ്ജലി എന്നിവര്‍ ചേര്‍ന്നാണ് ‘ഹോപ്പ്’ സോങ് ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദ്, പ്രസൂണ്‍ ജോഷി, വിവേക്, ജയന്ത് കൈകിനി, എആര്‍ റഹ്‌മാന്‍, റിയാഞ്ജലി എന്നിവര്‍ ചേര്‍ന്നാണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്.

Read more