'ലിയോ' ഗാനരചയിതാവ് വിഷ്ണു എടവനെതിരെ ഗുരുതര ആരോപണം; പരാതി നല്‍കി യുവതി

‘ലിയോ’ ചിത്രത്തിന്റെ ഗാനരചയിതാവും ലോകേഷ് കനകരാജിന്റെ സഹസംവിധായകനുമായ വിഷ്ണു എടവനെതിരെ ഗുരുതരമായ ആരോപണവുമായി യുവതി. ഗര്‍ഭിണിയാക്കിയ ശേഷം വിവാഹത്തില്‍ നിന്ന് പിന്‍മാറി എന്നാണ് വിഷ്ണുവിന്റെ സുഹൃത്ത് കൂടിയായ യുവതി ആരോപിക്കുന്നത്.

താനും വിഷ്ണുവും പ്രണയത്തിലായിരുന്നു. ഗര്‍ഭിണിയായതിന് ശേഷം വീട്ടുകാര്‍ വിവാഹം നിശ്ചയിച്ചെങ്കിലും വിഷ്ണു പിന്നീട് ഇതില്‍ നിന്ന് പിന്മാറുകയായിരുന്നു. തന്നെ വഞ്ചിച്ചെന്നും യുവതി ചെന്നൈയ്ക്കടുത്ത് തിരുമംഗലം വനിതാ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘കൈതി’, ‘മാസ്റ്റര്‍’, ‘വിക്രം’ എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായിരുന്നു വിഷ്ണു എടവന്‍. മാസ്റ്ററിലെ ‘പൊലക്കാട്ടും പറ പറ’, ‘വിക്രമിലെ ‘പോര്‍ക്കണ്ട സിങ്കം’, ‘നായകന്‍ വീണ്ടും വരാര്‍’ എന്നീ ഹിറ്റ് ഗാനങ്ങള്‍ വിഷ്ണു എഴുതിയതാണ്.

കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ കവിന്‍ നായകനായ ‘ഡാഡ’ എന്ന ചിത്രത്തിലും ഗാനങ്ങള്‍ രചിച്ചത് വിഷ്ണുവാണ്. വിജയ്‌യെ നായകനാക്കി ലോകേഷ് ഒരുക്കുന്ന ലിയോക്കും വിഷ്ണുവാണ് ഗാനങ്ങള്‍ രചിക്കുന്നത്. എന്നാല്‍ പരാതിയെ കുറിച്ച് വിഷ്ണു ഇതുവരെ പ്രതികരിച്ചിട്ടില്ല.