'മധുര മനോഹര മോഹം' ഒ.ടി.ടിയിലേക്ക്

സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയ്ത ‘മധുര മനോഹര മോഹം’ ഇനി ഒ.ടി.ടിയിലേക്ക്. എച്ച്ആര്‍ ഒടിടിയാണ് ചിത്രത്തിന്‍റെ ഒ.ടി.ടി അവകാശം എടുത്തിരിക്കുന്നത്. ജൂണ്‍ 16ന് തിയേറ്ററുകളിലെത്തിയ ചിത്രം ഉടന്‍ ഒ.ടി.ടിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ സ്റ്റെഫി സേവ്യറിന്റെ സംവിധാന രംഗത്തേക്കുള്ള അരങ്ങേറ്റ ചിത്രമാണ് മധുര മനോഹര മോഹം. കോമഡി ഡ്രാമ വിഭാഗത്തില്‍ പെട്ട ചിത്രം തിയേറ്ററില്‍ ആവറേജ് വിജയമാണ് നേടിയത്.

3 കോടി രൂപ ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് തിയേറ്ററില്‍ നിന്നും 10 കോടി രൂപ ആണ് നേടാന്‍ സാധിച്ചത്. ചിത്രത്തിലെ കോമഡി രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടിയിരുന്നു. രജിഷ വിജയന്‍, ഷറഫുദ്ധീന്‍, സൈജു കുറുപ്പ്, അര്‍ഷ ബൈജു, ബിന്ദു പണിക്കര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.

Read more

ഒരു അമ്മയും മൂന്ന് സഹോദരങ്ങളും അടങ്ങുന്ന ഒരു കുടുംബത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം. അമ്മ കഥാപാത്രമായി ബിന്ദു പണിക്കരും ഷറഫുദ്ധീന്‍, രജിഷ വിജയന്‍, പുതുമുഖം മീനാക്ഷി എന്നിവര്‍ സഹോദരങ്ങളുമായാണ് എത്തുന്നത്. ജാതി വ്യവസ്ഥയെ ട്രോളുകയായിരുന്നു ചിത്രത്തിന്റെ ലക്ഷ്യമെന്ന് സംവിധായിക സ്റ്റെഫി സേവ്യര്‍ പറഞ്ഞിരുന്നു.