വിജയ് സേതുപതിയുടെ അൻപതാം ചിത്രം; വില്ലനായി അനുരാഗ് കശ്യപ്; നിതിലന്‍ സാമിനാഥൻ ചിത്രം 'മഹാരാജ' ട്രെയ്‌ലർ പുറത്ത്

വിജയ് സേതുപതിയുടെ അൻപതാം ചിത്രമായ ‘മഹാരാജ’യുടെ ട്രെയ്‌ലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ‘കുരങ്ങുബൊമ്മൈ’ എന്ന ചിത്രത്തിന് ശേഷം നിതിലന്‍ സാമിനാഥൻ സംവിധാനം ചെയ്യുന്ന ചിത്രമായതുകൊണ്ടു തന്നെ വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ പ്രേക്ഷകർ നോക്കികാണുന്നത്.

ബാർബർ ആയാണ് വിജയ് സേതുപതി ചിത്രത്തിലെത്തുന്നത്. മകളുടെ തിരോധാനവും തുടർന്നുണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് ആക്ഷൻ ക്രൈം ത്രില്ലർ ഴോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രമേയം.

അനുരാഗ് കശ്യപ് ആണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. മംമ്ത മോഹൻദാസ്, നാട്ടി നടരാജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാണ്.

പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരവും ദി റൂട്ടിന്റെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബി അജനീഷ് ലോക്നാഥ് ആണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്. ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് ഫിലോമിൻ രാജ് ആണ് എഡിറ്റിംഗ് ചെയ്യുന്നത്.

Read more