പണം കിട്ടിയാല്‍ ആദ്യദിനം തിയേറ്ററില്‍ ആളെ കയറ്റും; മോശം സിനിമയെ 'തള്ളി' ജീവിപ്പിക്കും; നല്ല സിനിമയെ കൊല്ലും; ഒരു കോടിവരെ കൊടുക്കും; ഇപ്പോള്‍ ഇരവാദം

സിനിമ റിലീസാകുമ്പോള്‍ അനുകൂല റിവ്യു നല്‍കാന്‍ പിആര്‍ കമ്പനികളും യുട്യൂബര്‍മാരും നിര്‍മ്മാതാക്കളില്‍ നിന്നു വാങ്ങുന്നത് അരലക്ഷം മുതല്‍ ഒരു കോടിരൂപവരെയെന്ന് റിപ്പോര്‍ട്ട്. മോശം സനിമയാണെങ്കില്‍ കൂടി ആദ്യ പ്രദര്‍ശനത്തിന് അനുകൂലമായി സംസാരിക്കുന്നവരെ തിയേറ്ററുകളിലെത്തിക്കുകയും ഒപ്പം സമൂഹമാധ്യമങ്ങളില്‍ അനുകൂല പ്രചാരണം നടത്തുകയും ചെയ്യാമെന്ന് പറഞ്ഞാണ് ഇത്രയും രൂപ തട്ടിയെടുക്കുന്നത്.

സിനിമാമേഖലയിലേക്ക് പുതുതായി കടന്നുവരുന്നവരെയാണ് ഇവര്‍ തട്ടിപ്പിനിരയാക്കുന്നത്. 10 മുതല്‍ 20 ലക്ഷം രൂപയുടെ പ്രത്യേക പാക്കേജാണ് ഇതിനായി മാര്‍ക്കറ്റിങ് ഏജന്‍സികള്‍ വാങ്ങുക. ഇതിനായി ഡിജിറ്റല്‍ പ്രൊമോട്ടര്‍മാരെ ഏജന്‍സികള്‍ നിയോഗിക്കും. എന്നാല്‍, ഇതില്‍ ഭൂരിഭാഗംപേര്‍ക്കും ഫെഫ്കയുടെ അംഗീകാരമില്ലെന്നും നിര്‍മാതാക്കള്‍ പറയുന്നു.

പല കേസുകളിലും പണം നല്‍കിയാലും ഏജന്‍സികള്‍ വാഗ്ദാനങ്ങള്‍ പലതും പാലിക്കാറില്ല. പരാതിയുമായി നിര്‍മാതാവ് മാര്‍ക്കറ്റിങ് ഏജന്‍സികളെ സമീപിച്ചാല്‍ സിനിമ മോശമായതിനാലാണ് പരാജയപ്പെട്ടതെന്ന മറുപടിയാണ് ഇവര്‍ നല്‍കുന്നത്. നേരത്തെ, ഓണ്‍ലൈന്‍ റിവ്യൂ നല്‍കിയിരുന്ന ഒരു സ്ഥാപനം ഇപ്പോള്‍ ഒരു സിനിമയുടെ പ്രമോഷന്‍ വര്‍ക്കിനായി പത്ത് ലക്ഷം രൂപയ്ക്ക് മുകളിലാണ് വാങ്ങുന്നത്. ഇയാള്‍ ഒരു പിആര്‍ എജന്‍സി കൊച്ചിയില്‍ നടത്തുന്നുണ്ടെന്നും നിര്‍മാതാക്കള്‍ പറയുന്നു.

അതേസമയം, സിനിമ റിവ്യൂ ബോംബിങ് പശ്ചാത്തലത്തില്‍ സിനിമ പ്രമോഷന് ഉള്‍പ്പെടെ പ്രോട്ടോക്കോള്‍ കൊണ്ടുവരുമെന്ന് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അറിയിച്ചു. സിനിമ പിആര്‍ഒമാര്‍ക്ക് അടക്കം അക്രഡിറ്റേഷന്‍ കൊണ്ടുവരാനാണ് ആലോചന. നിര്‍മാതാക്കളുടെ സംഘടനയും ഫെഫ്കയും അടക്കം ഇതിനായി ഒക്ടോബര്‍ 31ന് യോഗം ചേരും. റിവ്യൂ എന്ന പേരില്‍ തിയറ്റര്‍ പരിസരത്തുനിന്ന് സംസാരിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഇത് മാധ്യമപ്രവര്‍ത്തനമായി അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി.

റിവ്യു പറയാന്‍ തിയറ്റര്‍ കോമ്പൗണ്ടില്‍ ഒരാളെപ്പോലും കയറ്റില്ലെന്ന് നിര്‍മാതാവ് സുരേഷ് കുമാര്‍ പറഞ്ഞു. ഒരു സിനിമ പുറത്തിറക്കുന്നതിന് എന്തൊക്കെ കഷ്ടപ്പാടുകളും വേദനയുണ്ട്. അതിനെ വെറുതെ വന്നു നിന്ന് മോശം പറയുന്നത് വളരെ മോശം പ്രവണയതയാണ്. ഭാര്യയുടെ കെട്ടുതാലി പണയം വച്ചുവരെ സിനിമ എടുത്തവര്‍ ഉണ്ട്. എന്ത് തോന്ന്യവാസവും വിളിച്ചു പറയണമെങ്കില്‍ വേറെ വല്ല പണിക്കും പോയാല്‍ പോരെ എന്നും ജി.സുരേഷ് കുമാര്‍ ചോദിക്കുന്നു.

അതേസമയം, സിനിമ റിവ്യു നടത്തി നശിപ്പിക്കാന്‍ കോക്കസ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഫിലിം ചേംബര്‍. ഇത് അനുവദിക്കാന്‍ കഴിയില്ല. പണം മുടക്കി സിനിമ കാണുന്നവര്‍ക്ക് അഭിപ്രായം പറയാമെന്നും ചേംബര്‍ സെക്രട്ടറി സജി നന്ത്യാട്ട് പറഞ്ഞു.