മമ്മൂട്ടി- അമൽ നീരദ് കൂട്ടുകെട്ട് വീണ്ടും; വരുന്നത് ബിലാലോ?

മലയാള സിനിമയുടെ നവ ഭാവുകത്വ പരിണാമത്തിൽ അമൽ നീരദ് എന്ന സംവിധായകന്റെ പങ്ക് വളരെ വലുതാണ്. ആഖ്യാനപരമായും സാങ്കേതികപരമായും തന്റെ സിനിമകളെ നവീകരിക്കുകയും കൂടാതെ കലാമൂല്യമുള്ള ഒരുപിടി മികച്ച സിനിമകൾ മലയാള സിനിമയ്ക്ക് സംഭാവന ചെയ്തു എന്നതുകൊണ്ട് തന്നെ എല്ലാക്കാലത്തും അദ്ദേഹത്തിന്റെ പുതിയ സിനിമകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. 

മമ്മൂട്ടിയെ നായകനാക്കി ‘ബിഗ് ബി’ എന്ന ചിത്രത്തിലൂടെയാണ് അമൽ നീരദ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ‘സാഗർ ഏലിയാസ് ജാക്കി’, ‘അൻവർ’, ‘ബാച്ചിലർ പാർട്ടി’, ‘അഞ്ച് സുന്ദരികൾ’, ‘ഇയോബ്ബിന്റെ പുസ്തകം’, കോമ്രേഡ് ഇൻ അമേരിക്ക’, ‘വരത്തൻ’, ‘ട്രാൻസ്’, ‘ഭീഷ്മപർവം’ എന്നീ ഒൻപത് സിനിമകൾ.

 പതിനാറ് വർഷത്തെ കരിയറിൽ ബിഗ് ബി, ഭീഷ്മ പർവം  എന്നീ രണ്ട് സിനിമകൾ മാത്രമാണ് മമ്മൂട്ടി- അമൽ നീരദ് കൂട്ടുകെട്ടിൽ പിറന്നത്. എന്നാൽ ബിഗ് ബിയുടെ രണ്ടാം ഭാഗമായ ‘ബിലാൽ’ ഉണ്ടാവുമെന്ന് പ്രഖ്യാപിച്ചെങ്കിലും പിന്നീട് അതിന്റെ വാർത്തകളൊന്നും തന്നെ ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോഴിതാ മമ്മൂട്ടി- അമൽ നീരദ് കൂട്ടുകെട്ടിൽ പുതിയ സിനിമ ഉണ്ടാവുമെന്ന പ്രഖ്യാപനം വന്നിരിക്കുകയാണ്. 

മലയാള ചിത്രങ്ങളുടെ യു. കെയിലെ വിതരണക്കാരായ ആർ. എഫ്. ടി  ഫിലിംസ് അത്തരമൊരു കാര്യം എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മമ്മൂട്ടിയുടെ പിറന്നാൾ ദിനമായ സെപ്റ്റംബർ 7 ന് പ്രഖ്യാപനം ഉണ്ടാവുമെന്നും, വലിയ ഒന്നാണ് വരാനിരിക്കുന്നതെന്നുമാണ് അവർ പറഞ്ഞിരിക്കുന്നത്. ‘ബിഗ് ബി’യുടെ രണ്ടാം ഭാഗമായ ആയ ബിലാൽ ആയിരിക്കുമോ, അതോ പുതിയ പ്രൊജക്ട്  ആയിരിക്കുമോ എന്നത് മാത്രമാണ് ഇനി അറിയാൻ ബാക്കി.  

കൂടാതെ ചിത്രത്തിൽ യുവതാരം  ടൊവിനോ തോമസും ഉണ്ടായിരിക്കുമെന്ന് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. സെപ്റ്റംബർ 7 ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകലോകം.

അതേ സമയം മമ്മൂട്ടിയുടെ പേഴ്സണൽ അസിസ്റ്റന്റും നിർമ്മാതാവുമായ ജോർജ്, ഭീഷ്മപർവത്തിലെ മമ്മൂട്ടിയുടെ ഒരു ചിത്രം അടിക്കുറിപ്പുകളൊന്നുമില്ലാതെ പങ്കുവെച്ചതും ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. എന്തായാലും മമ്മൂട്ടിയുടെ പിറന്നാൾ ദിനമായ സെപ്റ്റംബർ 7 ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകരും സിനിമാപ്രേമികളും. 

View this post on Instagram

A post shared by George Sebastian (@george.mammootty)

Read more