മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ രക്തദാനം നടത്താനൊരുങ്ങി കാൽ ലക്ഷം ആരാധകർ !

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനത്തിൽ രക്തം ദാനം ചെയ്യാൻ ഒരുങ്ങി കാൽ ലക്ഷത്തോളം വരുന്ന മമ്മൂട്ടി ആരാധകർ. മമ്മൂട്ടിയുടെ ഔദ്യോഗിക ആരാധക സംഘടനയായ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണലാണ് രക്തദാനത്തിന് നേതൃത്വം നൽകുന്നത്. സെപ്റ്റംബർ ഏഴിനാണ് താരത്തിന്റെ പിറന്നാൾ.

യുഎഇ, കുവെെറ്റ്, സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ,ന്യൂസിലാന്റ്, യുകെ, ശ്രീലങ്ക, സിങ്കപ്പൂർ, മലേഷ്യ, ചൈന എന്നിവിടങ്ങളിലെ ആരാധകർ പങ്കെടുക്കുമെന്ന് സഫീദ് പറഞ്ഞു. ഇന്ത്യ ഉൾപ്പെടെ പതിനേഴ് രാജ്യങ്ങളിലായാണ് രക്തദാനം നടപ്പിലാക്കുന്നത്.  ഓഗസ്റ്റ് അവസാന വാരം രക്തദാനം ആരംഭിക്കുമെന്ന് മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ സെക്രട്ടറി സഫീദ് മുഹമ്മദ്‌ അറിയിച്ചു.

കേരളത്തിലും രക്തദാനം വിപുലമായി നടത്തുവാനുള്ള ക്രമീകരങ്ങൾ പൂർത്തിയായതായി മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ കേരള സ്റ്റേറ്റ് കമ്മിറ്റി അറിയിച്ചു. പതിനാല് ജില്ലകളിലും വിവിധ കേന്ദ്രങ്ങളിലൂടെ ആയിരക്കണക്കിന് ആരാധകർ അടുത്ത ആഴ്ച്ചകളിൽ രക്തദാനം നിർവ്വഹിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അരുൺ തിരുവനന്തപുരത്ത് പറഞ്ഞു.

Read more

മുൻ വർഷങ്ങളിലും മമ്മൂട്ടിയുടെ ജന്മദിനത്തിൽ ആരാധക കൂട്ടായ്മ രക്തദാനം ഉൾപ്പെടെ നിരവധി ജീവകാരുണ്യ പ്രവർത്തികൾ നടത്തിയിട്ടുണ്ട്. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ‘കെയർ ആൻഡ് ഷെയർ’ എന്ന സംവിധാനവും ഇത്തരം പ്രവർത്തനങ്ങളിൽ മുന്നിലാണ്.