എന്തുകൊണ്ടോ അന്നത് നടക്കാതെ പോയി, പക്ഷെ.., 'വടക്കന്‍ വീരഗാഥ' വീണ്ടും വരുന്നു; 4k ദൃശ്യമികവില്‍ റീ റിലീസ്

റീ റിലീസ് ട്രെന്‍ഡുകള്‍ക്കിടയിലേക്ക് മമ്മൂട്ടിയുടെ മറ്റൊരു ക്ലാസിക് ചിത്രം കൂടി. മലയാളത്തിലെ എവര്‍ഗ്രീന്‍ ചിത്രം ‘ഒരു വടക്കന്‍ വീരഗാഥ’ ആണ് വീണ്ടും തീയേറ്ററുകളില്‍ എത്തുന്നത്. 4 കെ ദൃശ്യ മികവോടെയാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്. 1989ല്‍ റിലീസ് ചെയ്ത ചിത്രം 35 വര്‍ഷത്തിന് ശേഷമാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്.

മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമാണ് ഒരു വടക്കന്‍ വീരഗാഥ. മികച്ച തിരക്കഥ, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍, മികച്ച വസ്ത്രാലങ്കാരം എന്നിങ്ങനെ ചിത്രത്തിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. 4 ദേശീയ ചലച്ചിത്ര അവാര്‍ഡുകളും എട്ട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും ചിത്രം നേടിയിട്ടുണ്ട്.

ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ആശംസ വീഡിയോയുമായി മമ്മൂട്ടി എത്തിയിട്ടുണ്ട്. മലയാള സിനിമയ്ക്കും വ്യക്തിപരമായി തനിക്കും ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാക്കി തന്ന സിനിമയാണ് ഒരു വടക്കന്‍ വീരഗാഥ എന്ന് പറഞ്ഞു കൊണ്ടാണ് മമ്മൂട്ടി സംസാരിക്കുന്നത്.

വടക്കന്‍ വീരഗാഥ 4കെ അറ്റ്മോസില്‍ റിലീസ് ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ച വ്യക്തിയാണ് പിവിജി (പിവി ഗംഗാധരന്‍). തങ്ങള്‍ തമ്മില്‍ ഇതിനെ കുറിച്ച് ഒരുപാട് സംസാരിച്ചിട്ടുണ്ട്. അന്ന് എന്തുകൊണ്ടോ അത് നടക്കാതെ പോയി. ഇന്ന് അദ്ദേഹത്തിന്റെ മക്കള്‍ ആ സ്വപ്നം സാക്ഷാത്കരിക്കുകയാണ്.

നേരത്തെ കണ്ടവര്‍ക്ക് വീണ്ടും ഒരിക്കല്‍ കൂടി കാണാനും പുതിയ കാഴ്ച്ചക്കാര്‍ക്ക് പുതിയ കാഴ്ച, ശബ്ദ മിഴിവോട് കൂടി കാണാനുമാകുമെന്ന് മമ്മൂട്ടി വ്യക്തമാക്കി. എംടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ചന്തു ആയാണ് മമ്മൂട്ടി അഭിനയിച്ചത്.

മാധവി ആയിരുന്നു ചിത്രത്തില്‍ ഉണ്ണിയാര്‍ച്ചയായി എത്തിയത്. ബാലന്‍ കെ. നായര്‍, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റന്‍ രാജു എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മമ്മൂട്ടിയുടെ ആവനാഴി, അമരം എന്നീ ചിത്രങ്ങളും റീ റിലീസിന് ഒരുങ്ങുന്നുണ്ട്.

Read more