'മഞ്ഞുമ്മല്‍' തരംഗം തിയേറ്റര്‍ ഒഴിയുന്നു, ഇനി ഒ.ടി.ടിയില്‍ കാണാം; റിലീസ് തിയതി പുറത്ത്

കേരളത്തില്‍ മാത്രമല്ല തമിഴകത്തും ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ആണ് ട്രെന്‍ഡ്. സോഷ്യല്‍ മീഡിയ റീല്‍സുകളിലും മഞ്ഞുമ്മല്‍ തരംഗമാണ്. ‘കുതന്ത്രം’ എന്ന ഗാനത്തിനൊപ്പം സുഭാഷിനെ രക്ഷിക്കുന്ന വീഡിയോയുടെ വൈറല്‍ റീല്‍സ് വരെ ഇന്‍സ്റ്റഗ്രാമില്‍ എത്തുന്നുണ്ട്. ഇതിനിടെ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തിയതി പുറത്തെത്തിയിരിക്കുകയാണ്.

ഫെബ്രുവരി 22ന് പുറത്തിറങ്ങിയ ചിത്രം ഏപ്രില്‍ 5ന് ആണ് ഒ.ടി.ടിയില്‍ എത്തുക. ഏപ്രില്‍ 5 മുതല്‍ മഞ്ഞുമ്മല്‍ ബോയ്‌സ് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും. 200 കോടിക്ക് മുകളില്‍ നേട്ടം കൊയ്ത് ബോക്‌സ് ഓഫീസില്‍ കുതിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.

മലയാളത്തിലെ ഹൈയെസ്റ്റ് ഗ്രോസിങ് ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. ജൂഡ് ആന്റണി ചിത്രം ‘2018’നെ പൊട്ടിച്ചാണ് മഞ്ഞുമ്മല്‍ ബോയ്സ് മുന്നിലെത്തിയത്. 170.50 കോടി ആയിരുന്നു 2018ന്റെ കളക്ഷന്‍. കളക്ഷനില്‍ ‘പുലിമുരുഗന്‍’, ‘ലൂസിഫര്‍’ എന്നീ ചിത്രങ്ങളെയും മഞ്ഞുമ്മല്‍ ബോയ്സ് പിന്നിലാക്കി.

ചിദംബരം സംവിധാനവും രചനയും നിര്‍വ്വഹിച്ച ചിത്രത്തില്‍ ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ബാലു വര്‍ഗീസ്, ഗണപതി, ഖാലിദ് റഹ്‌മാന്‍, ലാല്‍ ജൂനിയര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു, ചന്തു എന്നീ താരങ്ങള്‍ അണിനിരന്ന ചിത്രം യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിട്ടുള്ളത്.

ചിത്രത്തില്‍ കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്രപോവുന്നതും അവര്‍ നേരിടുന്ന പ്രശ്നങ്ങളുമാണ് പറയുന്നത്. ഗുണകേവിനെ ചുറ്റിപറ്റി വികസിക്കുന്ന ചിത്രത്തില്‍ ‘ഗുണ’ എന്ന കമല്‍ഹാസന്‍ ചിത്രത്തിലെ ‘കണ്‍മണി അന്‍പോട്’ എന്ന ഗാനം ഉള്‍പ്പെടുത്തിയത് വന്‍ സ്വീകാര്യത നേടിയിരുന്നു.