മായാനദി തന്റെ തിരക്കഥയാണെന്ന അവകാശവാദവുമായി യുവാവ്; ഫെയ്സ്ബുക്ക് വീഡിയോയില്‍ തിരക്കഥ കത്തിച്ച് പ്രതിഷേധം

മായനദി തന്റെ തിരക്കഥയാണെന്ന അവകാശവാദവുമായി യുവാവ് രംഗത്ത്. മുന്‍പ് മായാനദി ശരിക്കും ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ആണെന്ന നിരൂപണവുമായി വന്ന് വാര്‍ത്തകളില്‍ ഇടം നേടിയ പ്രവീണ്‍ ഉണ്ണികൃഷ്ണനാണ് ഫെയ്ബുക്ക് ലൈവിലൂടെ തന്റെ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയത്. മായാനദിയുടെ തിരക്കഥയാണെന്ന് അവകാശപ്പെടുന്ന പേപ്പറുകള്‍ കത്തിച്ചു കൊണ്ടാണ് പ്രവീണ്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ സംസാരിച്ചു തുടങ്ങുന്നത്. തന്റെ പക്കലുള്ള മായനദിയുടെ മറ്റ് കോപ്പികളും താന്‍ ഇതേപോലെ കത്തിച്ചു കളയുമെന്നും യുവാവ് പറയുന്നു.

https://www.facebook.com/ActorTovinoThomas/posts/2029938567036154

തന്റെ തിരക്കഥ പ്രകാരമുള്ള മായാനദിയില്‍ ഒരു സീന്‍ പോലും അര്‍ത്ഥരഹിതമായി അവസാനിക്കുന്നില്ലെന്നും തെളിവായി ഓരോ രംഗത്തെയും വിശദീകരിച്ച് കൊണ്ടും പ്രവീണ്‍ മുന്‍പ് ബ്ലോഗില്‍ കുറിപ്പെഴുതിയിരുന്നു. ഇത്തരത്തില്‍ മറ്റൊരാള്‍ക്കും ഉണ്ടാകാതിരിക്കാന്‍ തിരക്കഥകള്‍ നഷ്ടപ്പെടാതിരിക്കാന്‍ വേണ്ട പരിഹാരമാര്‍ഗങ്ങളും പ്രവീണ്‍ നിര്‍ദ്ദേശിച്ചിരുന്നു.

പ്രവീണിന്റെ ഫെയ്ബുക്ക് ലൈവിലെ പ്രസക്ത ഭാഗങ്ങള്‍

2012ല്‍ എം.ടെക് ചെയ്യുമ്പോഴാണ് മായാനദി എഴുതുന്നത്. അന്ന് അത് വെറും പ്രണയ കഥയായിരുന്നു. എന്നാല്‍ മായനാദി എന്ന് പേര് നല്‍കിയിരുന്നില്ല. ആ പേര് എനിക്ക് അവകാശപ്പെട്ടതല്ല. സംഭാഷണങ്ങള്‍ക്കിടയില്‍ പറഞ്ഞു പോകുന്ന ഒരു പേര് മാത്രമാണ് മായനദി.

2012 ല്‍ ഈ കഥ തൊണ്ണൂറ് ശതമാനം പൂര്‍ത്തിയാക്കിയതിന് ശേഷം നിര്‍ത്തേണ്ട സാഹചര്യം വന്നു. അതിനു ശേഷം 2014ല്‍ എന്റെ വിവാഹശേഷമാണ് ഈ കഥ വീണ്ടും എഴുതുന്നത്.ഒരു സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലര്‍ ആയി. അന്ന് അതിലെ ചില സീനുകള്‍, സിനിമയുടെ തുടക്കത്തില്‍ നായിക ഗിഫറ്റ് ബോക്സ് കൊണ്ട് വരുന്ന സീനുകളുള്‍പ്പടെ പലതും ഞാന്‍ പിന്നീട് കൂട്ടിച്ചേര്‍ത്തതാണ്.

സിനിമയുടെ കഥ സമാനമാകുന്നത് അത്ര വലിയ സംഭവമൊന്നുമല്ല. സമാന രീതിയില്‍ ചിന്തിക്കുന്ന നിരവധി പേരുണ്ട്. എന്റെ കഥ മോഷ്ടിക്കപ്പെട്ടുവെന്ന് ഞാന്‍ പറയുന്നില്ല. ആഷിക് അബു എന്ന വ്യക്തിയെ ഞാന്‍ കണ്ടിട്ടില്ല. കഥ ഞാന്‍ ഒരുപാടു പേരോട് പറഞ്ഞിട്ടുണ്ട്. എന്ത് കൊണ്ട് കേസിന് പോകുന്നില്ലെന്ന് നിങ്ങള്‍ക്ക് ചോദിക്കാം. ഇത്തരത്തില്‍ ഒരു കേസ് എവിടെയെങ്കിലും വിജയിച്ചതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ. ഒരേ രീതിയില്‍ രണ്ടു പേര്‍ ചിന്തിക്കില്ലെന്ന് ഒരു ജഡ്ജിക്കും പറയാനാകില്ല. കഥകള്‍ ഒരുപോലെ ആകുന്നത് സ്വാഭാവികം എന്നാല്‍ സീനുകളില്‍ സിമിലാരിറ്റി വരുമ്പോഴാണ് നമുക്ക് സംശയം വരുന്നത്.

ക്രിസ്തുമസിനാണ് ഞാന്‍ സിനിമ കണ്ടത്. അതിന്റെ റിവ്യൂ പോസ്റ്റ് ചെയ്തത് പിറ്റേദിവസും. സിനിമ ഞാന്‍ മുഴുവനായി കണ്ടിട്ടില്ല. ആദ്യത്തെ സീനില്‍ തന്നെ എനിക്ക് എന്തോ സംശയം തോന്നിയിരുന്നു. എനിക്ക് എന്തെങ്കിലും നിയമസഹായം ലഭിക്കുമോ എന്ന അന്വേഷിക്കുകയാണ് അന്ന് വീട്ടില്‍ പോയി ഞാന്‍ ആദ്യം ചെയ്തത് എന്നാല്‍ അനുകൂലമായ നിയമസഹായം ലഭിക്കില്ലെന്ന് ഉറപ്പായി.

എന്റെ റിവ്യൂ വായിച്ച് നിരവധി പേര്‍ സിനിമ കാണാന്‍ പോയിരുന്നു. രണ്ടാമതും കണ്ടവരുണ്ട്. അന്ന് അവര്‍ തിരഞ്ഞത് മായാനദി എന്ന പ്രണയ കഥ അല്ല. മായാനദി എന്ന സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലര്‍ ആണ്.

എന്റെ തിരക്കഥ മോഷ്ടിക്കപ്പെട്ടെന്ന് ഞാന്‍ പറയില്ല. എന്നാല്‍ 2012 മുതല്‍ 2014 വരെയുള്ള എന്റെ മായാനദിയുടെ യാത്രയ്ക്കിടയില്‍ എന്തോ സംഭവിച്ചിട്ടുണ്ട്. ഞാന്‍ ഇതിനെക്കുറിച്ച് തിരകഥാകൃത്തിനും സംവിധായകനും മെസ്സേജ് അയച്ചിരുന്നു എന്നാല്‍ ആരും മറുപടി തന്നിട്ടില്ല. പ്രവീണ്‍ പറഞ്ഞു .

https://www.facebook.com/ukpraveen89/videos/1605612209517752/