ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് റോട്ടർഡാമിൽ (IFFR) പുരസ്കാര നേട്ടവുമായി മലയാളിയായ മിഥുൻ മുരളി സംവിധാനം ചെയ്ത ‘കിസ് വാഗൺ’. ഫെസ്റ്റിവലിലെ ടൈഗർ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം സ്പെഷ്യൽ ജൂറി പുരസ്കാരവും ഫിപ്രെസ്കി പുരസ്കാരവുമാണ് കരസ്ഥമാക്കിയിരിക്കുന്നത്. ടൈഗർ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ചിത്രം കൂടിയായിരുന്നു കിസ് വാഗൺ.
മിലിറ്ററി ഭരിക്കുന്ന സാങ്കൽപ്പിക നഗരത്തിൽ പാർസൽ സർവീസ് നടത്തുന്ന ഐല എന്ന പെൺകുട്ടിയുടെ യാത്രയാണ് കിസ് വാഗൺന്റെ പ്രമേയം. നിഴൽനാടകങ്ങളുടെ (ഷാഡോ പ്ലേ) രൂപഘടന ഇമേജറികളിൽ ഉൾക്കൊണ്ട്, രണ്ടായിരത്തോളം കരകൗശലനിർമ്മിതമായ ഷോട്ടുകളുടെയും ഓഡിയോ – വീഡിയോ അകമ്പടികളുടെയും ഒരുക്കിയിട്ടുള്ളതാണ് മൂന്നുമണിക്കൂർ ദൈർഘ്യമുള്ള കിസ്സ് വാഗൺ.
ചിത്രത്തിന്റെ അനിമേഷനും, എഡിറ്റിങ്ങും, സൗണ്ട് ഡിസൈനും, മ്യൂസിക്കും നിർവഹിച്ചിരിക്കുന്നത് മിഥുൻ തന്നെയാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ‘പ്രാപ്പെട’ എന്ന ചിത്രത്തിന്റെ സംവിധായകൻ കൃഷ്ണേന്ദു കലേഷ് ആണ് ചിത്രം ഫിലിം ഫെസ്റ്റിവലിൽ അവതരിപ്പിച്ചത്.
സ്വതന്ത്ര സിനിമകൾക്കും പരീക്ഷണ സിനിമകൾക്കും വലിയ രീതിയിൽ പ്രാധാന്യം നൽകുന്ന ലോകോത്തര ചലച്ചിത്രമേളയാണ് നെതർലന്റ്സിൽ വെച്ചു നടക്കുന്ന റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ‘സെക്സി ദുർഗ്ഗ’, പി. എസ് വിനോദ് രാജ് സംവിധാനം ചെയ്ത ‘കൂഴങ്കൽ’ എന്നീ ചിത്രങ്ങൾ റോട്ടർഡാം ഫിലിം ഫെസ്റ്റിവലിലെ പ്രധാന മത്സര വിഭാഗമായ ടൈഗർ കോമ്പറ്റീഷനിൽ പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്.
Read more
ഡോൺ പാലത്തറയുടെ ‘ഫാമിലി’, മഹേഷ് നാരായണന്റെ ‘മാലിക്’, സെന്ന ഹെഗ്ഡെയുടെ ‘1744 വൈറ്റ് ആൾട്ടോ’, ഷിനോസ് റഹ്മാൻ സജാസ് റഹ്മാൻ എന്നിവർ സംവിധാനം ചെയ്ത ‘ചവിട്ട്’, കൃഷ്ണേന്ദു കലേഷ് സംവിധാനം ചെയ്ത ‘പ്രാപ്പെട’ എന്നീ മലയാള ചിത്രങ്ങൾ റോട്ടർഡാമിൽ കഴിഞ്ഞ വർഷങ്ങളിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രങ്ങളാണ്.