ഒടിടിയിലെത്താന്‍ ഇനി 42 ദിവസം കാത്തിരിക്കണം; കര്‍ശന നിബന്ധന വെച്ച് സിനിമാ സംഘടനകള്‍

മലയാള ചലച്ചിത്രങ്ങളുടെ ഒടിടി റിലീസ് നിബന്ധന കര്‍ശനമാക്കി സിനിമ സംഘടനകള്‍. സിനിമ തിയേറ്റര്‍ റിലീസ് ചെയ്ത് 42 ദിവസത്തിന് ശേഷം മാത്രമേ ഒടിടിയിലോ ചാനലിലോ സംപ്രേഷണം ചെയ്യാവൂ എന്ന നിബന്ധനയാണ് ഇവര്‍ മുന്നോട്ട് വെയ്ക്കുന്നത്.

ഫിയോക്കിന്റെ ഈ മാസം ആറിന് നടക്കുന്ന യോഗത്തില്‍ ഈ വിഷയം അജണ്ടയായി ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട് . വിഷയത്തില്‍ ഫിലിം ചേംബറിന്റെ ഇടപെടലും ഫിയോക്ക് ആവശ്യപ്പെടും.
42 ദിവസം കഴിഞ്ഞേ ഒടിടി റിലീസ് നടത്താവൂ എന്നത് നിര്‍ബന്ധന കര്‍ശനമാക്കുമെന്ന് ചേംബര്‍ മുന്‍പ് പറഞ്ഞിരുന്നു.

വ്യക്തിബന്ധം ഉപയോഗിച്ച് പല നിര്‍മ്മാതാക്കളും നടന്മാരും തിയേറ്റര്‍ റിലീസ് ചെയ്ത ഉടന്‍ തന്നെ ഒടിടിയിലും സിനിമ റിലീസ് ചെയ്യുകയാണ്. പല സിനിമകളും 14 ദിവസത്തിനകം ഒടിടിയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഇനി മുതല്‍ അത് അനുവദിക്കില്ല. 42 ദിവസത്തെ നിബന്ധന നിര്‍മ്മാതാക്കളുടെ ചേംബര്‍ തന്നെ ഒപ്പിട്ട് നല്‍കുന്നുണ്ട്.

റിലീസിനുള്ള അപേക്ഷ ഇനി മുതല്‍ ചേംബര്‍ പരിഗണിക്കില്ല. മാത്രമല്ല ഇത് ലംഘിക്കുന്ന നിര്‍മ്മാതാക്കളെ വിലക്കാനുമാണ് തീരിമാനം. തിയേറ്ററില്‍ കാണികള്‍ കുറയാനുള്ള കാരണങ്ങളില്‍ ഒന്ന് ഇതാണ് എന്ന് ചേംബറും ഫിയോക്കും വ്യക്തമാക്കുന്നു. ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകള്‍ക്കും ഇത് ബാധകമാണ്. 56 ദിവസമാണ് ഹിന്ദി സിനിമയ്ക്ക് പറഞ്ഞിട്ടുള്ളത്.