14 വര്‍ഷങ്ങള്‍ക്ക് ശേഷം നാദിര്‍ഷ വീണ്ടും അഭിനയ രംഗത്തേയ്ക്ക്; തിരിച്ചു വരവ് ദിലീപിന്റെ 'ശുഭരാത്രി'യിലൂടെ

മിമിക്രി കലാകാരന്‍, ഗായകന്‍, ഗാനരചയിതാവ്, ടെലിവിഷന്‍ അവതാരകന്‍, നടന്‍, സംവിധായകന്‍, സംഗീത സംവിധായകന്‍ ഇങ്ങിനെ വിവിധ മേഖലകളില്‍ തന്റെ കഴിവു തെളിയിച്ച അതുല്യ കലാകാരനാണ് നാദിര്‍ഷ. മിമിക്രി വേദികളില്‍ നിന്ന് കാലത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം തന്നെ യാത്ര ചെയ്ത് ഉയര്‍ന്നു വന്ന നാദിര്‍ഷ ഇന്ന് ഹിറ്റ് ചിത്രങ്ങളുടെ സ്രഷ്ടാവാണ്. നാദിര്‍ഷയുടെ സംവിധാനത്തില്‍ ഒരുങ്ങിയ അമര്‍ അക്ബര്‍ അന്തോണിയും കട്ടപ്പനയിലെ ഋത്വിക് റോഷനും വമ്പന്‍ ഹിറ്റുകളായിരുന്നു. എന്നാല്‍ നീണ്ട 14 വര്‍ഷത്തോളമായി അഭിനയത്തില്‍ നിന്ന് വിട്ടുനിന്ന നാദിര്‍ഷ വീണ്ടും നടന്റെ കുപ്പായമണിയുന്നു എന്നതാണ് പുതിയ വിശേഷം. 2005 ല്‍ റിലീസ് ചെയ്ത കലാഭവന്‍ മണി ചിത്രം ബെന്‍ ജോണ്‍സണിലാണ് നാദിര്‍ഷ അവസാനമായി അഭിനയിച്ചത്.

വ്യാസന്‍ കെ.പി. സംവിധാനത്തില്‍ ദിലീപ് നായകനായെത്തുന്ന ശുഭരാത്രി എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്കുള്ള നാദിര്‍ഷയുടെ മടങ്ങിവരവ്. ചിത്രത്തില്‍ സിദ്ധിഖിന്റെ മകന്റെ റോളിലാണ് നാദിര്‍ഷ എത്തുക. ഏറെ നിരൂപക പ്രശംസ നേടിയ അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിനു ശേഷം വ്യാസന്‍ കെ.പി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ശുഭരാത്രി.

അനു സിത്താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നെടുമുടി വേണു, സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറിപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ചേര്‍ത്തല ജയന്‍, ശാന്തി കൃഷ്ണ, ആശാ ശരത്ത്, ഷിലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്‌നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. സംഗീതം ബിജിബാല്‍. നിര്‍മ്മാണം അരോമ മോഹന്‍. വിതരണം അബാം മൂവീസ്. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്.

Read more

അതേസമയം നാദിര്‍ഷയും സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം മേരാ നാം ഷാജി എന്ന ചിത്രം റിലീസിംഗിന് ഒരുങ്ങുകയാണ്. മൂന്നു ഷാജിമാരുടെ കഥ പറയുന്ന ചിത്രം ഒരു കോമഡി എന്‍റര്ടെയ്നറാണ്. ബിജു മേനോന്‍, ആസിഫ് അലി, ബൈജു എന്നിവരാണ് ഷാജിമാരായി അണി നിരക്കുന്നത്.  ചിത്രം ഏപ്രില്‍ അഞ്ചിന് തിയേറ്ററുകളിലെത്തും.