കട്ട് ചെയ്ത് കളഞ്ഞ ആ 12 മിനിറ്റ് രംഗങ്ങള്‍ ഉള്‍പ്പെടെ കാണാം; 'ദസറ' ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു

നാനിയുടെ ആദ്യ 100 കോടി ചിത്രമായ ‘ദസറ’യുടെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 27ന് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിംഗ് ആരംഭിക്കും. ചിത്രം ഒ.ടി.ടിയില്‍ എത്തുമ്പോള്‍ തിയേറ്റര്‍ പ്രിന്റില്‍ നിന്നും ഒഴിവാക്കിയ 12 മിനിറ്റോളം വരുന്ന ദൃശ്യങ്ങളും ഉള്‍പ്പെടുത്തും.

മാര്‍ച്ച് 30ന് ആയിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം നൂറ് കോടി കളക്ഷന്‍ പിന്നിട്ടിരുന്നു. 65 കോടി ബജറ്റിലൊരുങ്ങിയ ചിത്രം സിങ്കരേണി കല്‍ക്കരി ഖനികളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. നാനി ധരണി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. ഷൈന്‍ ടോം ചാക്കോയുടെ വില്ലന്‍ വേഷവും ശ്രദ്ധ നേടിയിരുന്നു. സമുദ്രക്കനി, സായ് കുമാര്‍, ഷംന കാസിം, ഝാന്സി എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. ശ്രീകാന്ത് ഒഡേലയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തത്.

ദസറയുടെ വിജയാഘോഷ പരിപാടിയില്‍ സംവിധായകന് നിര്‍മ്മാതാവ് സുധാകര്‍ ചെറുകുരി ആഡംബര കാര്‍ സമ്മാനിച്ചിരുന്നു. കൂടാതെ ചിത്രത്തിലെ അഭിനേതാക്കള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും 10 ഗ്രാം സ്വര്‍ണവും സമ്മാനമായി നല്‍കിയിരുന്നു.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ഇ ഫോര്‍ എന്റര്‍ടെയ്ന്മെന്റ്സ് ആണ് കേരളത്തില്‍ ദസറയുടെ വിതരണം ഏറ്റെടുത്തത്. സംവിധായകന്‍ ശ്രീകാന്ത് ഒഡേലയ്‌ക്കൊപ്പം ജെല്ല ശ്രീനാഥ്, അര്‍ജുന പതുരി, വംശികൃഷ്ണ പി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.