'കണ്ടത് ബിജെപി-സിപിഎം സംഘനൃത്തം'; കേരളത്തിലെ പൊലീസ് കള്ളന്മാരേക്കാൾ മോശമെന്ന് ഷാഫി പറമ്പിൽ

പാലക്കാട്ട് കണ്ടത് ബിജെപി-സിപിഎം സംഘനൃത്തമെന്ന് ഷാഫി പറമ്പിൽ എംഎൽഎ. പണമെത്തിച്ചെന്ന വിവരം വന്നത് എവിടെനിന്നാണെന്നും ശാഫി ചോദിച്ചു. അതേസമയം കേരളത്തിലെ പൊലീസ് കള്ളന്മാരേക്കാൾ മോശമാണെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ നടത്തിയ പാതിരാ പരിശോധനയിൽ പ്രതികരിക്കുകയായിരുന്നു ഷാഫി.

അതേസമയം കോൺഗ്രസ് വനിതാ നേതാക്കൾ താമസിച്ച ഹോട്ടലിൽ ഇന്നലെ രാത്രി പൊലീസെത്തിയത് സിപിഎം നിർദ്ദേശപ്രകാരമാണെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. ബിജെപിക്കാർ അവർക്കൊപ്പം സംഘനൃത്തം കളിക്കാൻ വന്നു. ഒന്നും കിട്ടിയില്ലെന്ന് സർട്ടിഫിക്കറ്റ് തരുന്നതിൽ പോലും ബഹളമായിരുന്നു. ആരാണ് ഇതിന് പിന്നിലെന്ന് അറിയണം. അതേസമയം പൊലീസ് കള്ളം പറഞ്ഞുവെന്നും വ്യാജരേഖയുണ്ടാക്കിയെന്നും ഷാഫി ആരോപിച്ചു.

2.40 ന് ശേഷം വന്ന ആർഡിഒയും എഡിഎമ്മും തങ്ങളും പരിശോധനയിൽ ഭാഗമായെന്ന് ഒപ്പിട്ടുവെന്നും ഷാഫി കുറ്റപ്പെടുത്തി. കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതിയില്ലെന്ന് എഎസ്‌പി പറഞ്ഞു. എന്നാൽ തിരച്ചിൽ നടത്തിയ പൊലീസുകാർ രഹസ്യ വിവരം കിട്ടിയിട്ടാണ് വന്നതെന്ന് പറഞ്ഞു. എഎസ്‌പി എല്ലാ മുറികളും പരിശോധിച്ചെന്ന് പറഞ്ഞപ്പോൾ സേർച്ച് നടത്തിയ പൊലീസുകാർ കോൺഗ്രസുകാരുടെ മുറികൾ മാത്രം പരിശോധിച്ചെന്ന് പറഞ്ഞു. സർട്ടിഫിക്കറ്റിൽ 2 റൂമിൽ പരിശോധനയിൽ ഒന്നും കിട്ടിയില്ലെന്നാണ് എഴുതി തന്നത്. അത് പോലും വ്യക്തമായി എഴുതി തന്നില്ലെന്നും ഷാഫി കുറ്റപ്പെടുത്തി.

Read more