അനുമതിയില്ലാതെ ഗാനങ്ങള്‍ ഉപയോഗിച്ചു; ആഷിക് അബുവിന്റെ നീലവെളിച്ചത്തിന് എതിരെ നിയമനടപടിയുമായി ബാബുരാജിന്റെ കുടുംബം

ആഷിക് അബുവിന്റെ ‘നീലവെളിച്ചം’ എന്ന സിനിമയില്‍ എം എസ് ബാബുരാജിന്റെ ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചതിനെതിരെ നിയമനപടിയുമായി ബാബുരാജിന്റെ കുടുംബം. ‘താമസമെന്തേ വരുവാന്‍’, ‘ഏകാന്തതയുടെ അപാരതീരം’ തുടങ്ങിയ ഗാനങ്ങള്‍ ഉപയോഗിച്ചതിനെതിരെയാണ് അദ്ദേഹത്തിന്റെ കുടുംബം രംഗത്ത് വന്നിരിക്കുന്നത്.

നീലവെളിച്ചതിന്റെ നിര്‍മ്മാതാവ് കൂടിയായ സംവിധായകന്‍ ആഷിഖ് അബു, സംഗീതസംവിധായകന്‍ ബിജിപാല്‍ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസയച്ചു.ബാബുരാജിന്റെ സംഗീതത്തിലെ സ്വാഭാവികതയും മാസ്മരികതയും റീമിക്‌സ് ഗാനങ്ങള്‍ നശിപ്പിക്കുന്നു.

അതിനാല്‍ ഈ ഗാനങ്ങള്‍ പിന്‍വലിക്കണം എന്ന് മകന്‍ എം എസ് ജബ്ബാര്‍ അഭിഭാഷകനായ എന്‍ വി പി റഫീഖ് മുഖേന അയച്ച നോട്ടീസില്‍ പറയുന്നു. മന്ത്രി സജി ചെറിയാനും ബാബുരാജിന്റെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

1964-ല്‍ റിലീസ് ചെയ്ത ‘ഭാര്‍ഗവീനിലയം’ എന്ന ചിത്രത്തിനായി ഗാനങ്ങള്‍ ഒരുക്കിയത് എം എസ് ബാബുരാജായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന പുസ്തകത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റുകളുമായിരുന്നു. ഭാര്‍ഗവീനിലയത്തിലെ അതേ ഗാനങ്ങളാണ് നീലവെളിച്ചം എന്ന പുതിയ ചിത്രത്തിലും അണിയറപ്രവര്‍ത്തകര്‍ ഉപയോഗിച്ചിരിക്കുന്നത്.