'ദളിതനെ പിടിച്ച് ദേവസ്വം മന്ത്രിയാക്കിയത് ഒന്നാം തരം ദളിത് വിരുദ്ധത'; ആശയം തെറ്റെന്ന് സാബുമോന്‍, പോസ്റ്റ് ഡിലീറ്റ് ചെയ്ത് ഒമര്‍ ലുലു

കെ. രാധാകൃഷ്ണന്‍ ദേവസ്വം മന്ത്രിയാകുമ്പോള്‍ ഒരു ദളിതന്‍ മന്ത്രിയാകുന്നു എന്ന പ്രയോഗം ദളിത് വിരുദ്ധതയല്ലേ, എന്ന പോസ്റ്റ് സംവിധായകന്‍ ഒമര്‍ ലുലു കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഈ പരാമര്‍ശം തെറ്റാണെന്ന് മനസിലായതിനാല്‍ പോസ്റ്റ് നീക്കം ചെയ്തുവെന്ന് വ്യക്തമാക്കി രംഗത്തെത്തി ഒമര്‍ ലുലു.

നടന്‍ സാബുമോന്‍ വിളിച്ച് പോസ്റ്റിലുള്ള തെറ്റ് പറഞ്ഞ് മനസിലാക്കി തന്നു. അപ്പോള്‍ തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്തതായും ഒമര്‍ ലുലു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. “”ഒരു ദളിതനെ പിടിച്ച് ഞങ്ങള്‍ ദേവസ്വം മന്ത്രിയാക്കിയേ”. ദളിതനോട് എന്തോ ഔദാര്യം കാട്ടിയ മട്ടില്‍ ഇന്‍ഡയറക്ടായി ഒന്നാം തരം ദളിത് വിരുദ്ധത വിളമ്പല്‍ അല്ലേ ഇത്”” എന്നായിരുന്നു സംവിധായകന്റെ പോസ്റ്റ്.

ഇതിന് വിശദീകരണവുമായാണ് ഒമറിന്റെ അടുത്ത പോസ്റ്റ്. “”സാബുമോന്‍ വിളിച്ചിരുന്നു കുറേ നേരം സംസാരിച്ചു ദളിത് മന്ത്രി എന്ന പോസ്റ്റിനെ പറ്റി സാബൂ പറഞ്ഞ ആശയം കുറേ ശരിയാണെന്ന് തോന്നി അതിനാല്‍ ആ പോസ്റ്റ് ഡിലീറ്റ് ചെയ്തു”” എന്നാണ് ഒമറിന്റെ പുതിയ പോസ്റ്റ്. കമന്റായി പോസ്റ്റ് ശരിയാണെന്ന് തോന്നാനുള്ള ക്വാളിറ്റിയില്ലെന്നും ഒമര്‍ കുറിച്ചു.

“”നമ്മള്‍ പറഞ്ഞ കാര്യം തെറ്റാണ് അല്ലെങ്കില്‍ പൂര്‍ണ്ണമായും ശരിയല്ല എന്ന് ഒരാള്‍ പറഞ്ഞ് തന്നൂ.അത് കറക്റ്റാണ് എന്ന് തോണമെങ്കില്‍ അത്യാവശ്യം ക്വാളിറ്റി വേണം. കേള്‍ക്കാനുള്ള മനസുണ്ടാവുക എന്നതാണ് മികച്ച ഗുണമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അല്ലാതവര്‍ അവര്‍ പറഞ്ഞതില്‍ ഉറച്ച് നിക്കും 100 ന്യായീകരണവുമായി”” എന്ന് സംവിധായകന്‍ കുറിച്ചു.