മയക്കുമരുന്ന് കേസ്; ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം

‘നല്ല സമയം’ സിനിമയുമായി ബന്ധപ്പെട്ട കേസില്‍ ഹാജരാകാന്‍ എക്‌സൈസ് നോട്ടീസ് നല്‍കിയ സംവിധായകന്‍ ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം. സിനിമയുടെ നിര്‍മ്മാതാവിനും ജാമ്യം അനുവദിച്ചു. മുന്‍കൂര്‍ ജാമ്യം നേടിയ കാര്യം അന്വേഷണ ഉദ്യോഗസ്ഥന്‍ ആണ് അറിയിച്ചത്.

മുന്‍കൂര്‍ ജാമ്യം നേടിയാലും കേസിന്റെ നടപടികളുമായി മുന്നോട്ട് പോകുമെന്നും എക്‌സൈസ് അറിയിച്ചു. ഒമര്‍ ലുലു സംവിധാനം ചെയ്ത സിനിമയുടെ ട്രെയ്‌ലറില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു എന്നത് സംബന്ധിച്ചാണ് ഒമര്‍ ലുലുവിനും നിര്‍മാതാവ് കലന്തൂരിനും എതിരെ എക്‌സൈസ് കേസ് എടുത്തത്.

എംഡിഎംഎ ഉപയോഗം അടക്കമുള്ള കാര്യങ്ങള്‍ ട്രെയിലറിലുണ്ട് എന്നതായിരുന്നു പരാതി. ഇത്തരം സീനുകള്‍ കാണിക്കുമ്പോള്‍ നല്‍കേണ്ട നിയമപരമായ മുന്നറിയിപ്പൊന്നും ട്രെയിലറില്‍ നല്‍കിയിട്ടില്ല എന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സംഭവത്തില്‍ കോഴിക്കോട് റേഞ്ച് ഓഫീസ് സംവിധായകനും നിര്‍മ്മാതാവിനും നോട്ടീസ് അയച്ചിരുന്നു. പിന്നാലെയാണ് സിനിമ തിയേറ്ററില്‍ നിന്ന് പിന്‍വലിക്കുകയാണെന്ന് സംവിധായകന്‍ അറിയിക്കുകയും ചെയ്തിരുന്നു. ഡിസംബര്‍ 30ന് ആയിരുന്നു സിനിമ റിലീസ് ചെയ്തത്.

Read more

നടന്‍ ഇര്‍ഷാദ് ആണ് ചിത്രത്തില്‍ നായകന്‍. നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്‍, ഗായത്രി ശങ്കര്‍ എന്നിവരാണ് ചിത്രത്തില്‍ നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒറ്റ രാത്രിയില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.