ഗസൽ എന്നാൽ കവിതയല്ല, കവിതയാണ് ഇവിടെ ഗസലുകളെന്ന പേരിൽ ഇറങ്ങുന്നത്; പണ്ഡിറ്റ് രമേശ് നാരായണൻ

മലയാളികൾക്ക് രമേശ് നാരായണൻ എന്ന പേര് പരിചിതമാവുന്നത് ഒരുപക്ഷേ ചിലപ്പോൾ സംഗീത സംവിധായകൻ  എന്ന നിലയിൽ മാത്രമായിരിക്കാം. എന്ന് നിന്റെ മൊയ്ദീൻ, ഗർഷോം, മഞ്ചാടിക്കുരു, ഓർക്കുക വല്ലപ്പോഴും, ആദാമിന്റെ മകൻ അബു, വീട്ടിലേക്കുള്ള വഴി, ഈലം തുടങ്ങീ സിനിമകളിലെ പാട്ടുകൾ മലയാളികൾ എല്ലാക്കാലത്തും ഓർത്തുവെക്കുന്നതാണ്.    എന്നാൽ അത് മാത്രമായി ചുരുക്കി നിർത്താൻ കഴിയുന്നതല്ല പണ്ഡിറ്റ് രമേശ് നാരായണന്റെ സംഗീത ജീവിതം. 

പണ്ഡിറ്റ് ജസ് രാജിന്റെ ശിഷ്യനാണ് രമേശ് നാരായണൻ.ഒരേ സംഗീത സംസ്കാരം പിന്തുടരുന്നവരുടെ പരമ്പരയാണ് ഉത്തരേന്ത്യയിൽ പ്രചാരത്തിലുള്ള ഖരാനകൾ. ഹിന്ദുസ്ഥാനി കീർത്തനങ്ങൾ രചിച്ചിട്ടുള്ള സ്വാതി തിരുനാളിന്റെ പേരു കൂടി ചേർത്ത്, ജസ് രാജ് ‘സ്വാതി മേവാതി’ എന്നൊരു ഖരാന കേരളത്തിൽ രൂപവത്കരിച്ചു,  അത്തരത്തിൽ  മേവാതി ഖരാനയുടെ തെക്കേ ഇന്ത്യയിലെ പരമ്പരത്തുടർച്ചയാണ് രമേശ് നാരായണൻ. 

കേരളത്തിൽ ധാരാളം ഗസലുകൾ ഇറങ്ങിയിട്ടുണ്ട്, താങ്കളും ചിലതൊക്കെ ചെയ്തിട്ടുണ്ട്. എന്നാൽ ഇത് മലയാളത്തിൽ സാധിക്കുന്ന ഒന്നാണോ എന്ന  മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസ്സിദ്ധീകരിച്ച ‘ഉസ് കൊ പണ്ഡിറ്റ് ബുലാവോ’ എന്ന അഭിമുഖത്തിലെ ചോദ്യത്തിന് രമേശ് നാരായണൻ നല്കിയ മറുപടി ശ്രദ്ധേയമാണ്. 

“ഗസൽ എന്നാൽ കവിതയല്ല, ഈരടികളാണ്. വളരെ ലളിതമാണ്. അതിന് വലിയ നിയമാവലികളാണുള്ളത്, അത് പാലിക്കാതെയാണ് ഇവിടെ പലതും ഗസലുകളായി ഇറങ്ങിയിട്ടുള്ളത്, കവിതയാണ് ഇവിടെ ഗസലുകളെന്ന പേരിൽ ഇറങ്ങുന്നത്. ഞാൻ നിയമം പാലിച്ച് എഴുതിച്ചാണ് ഗസൽ ഇറക്കിയിട്ടുള്ളത്. 

Read more

നമ്മുടെ സിനിമാ പാട്ടുകൾക്ക് പത്തെഴുപത്തിയഞ്ച് വർഷത്തെ ചരിത്രമേയൊളളൂ. അതിൽ കാതലായ മാറ്റങ്ങൾ കാലാകാലങ്ങളായി വന്നിട്ടുണ്ട്, മാറ്റങ്ങൾ ആവശ്യവുമാണ്. എന്നാൽ എത്തരത്തിലുള്ള മാറ്റമാണ് എന്നതാണ് പ്രധാനം. പണ്ട് എഴുത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നു. എഴുതിയിട്ടാണ് ട്യൂൺ, ഭാസ്കരൻ മാഷൊക്കെ അനുഭവത്തിൽ നിന്നാണ് എഴുതുന്നത്. അതുകൊണ്ടാണ് അത്ര നല്ല വരികൾ വരുന്നത് . ആ വികാരത്തിനാണ് ട്യൂൺ നല്കുന്നത്. ഇന്ന് വരികളും സംഗീതവും തമ്മിൽ ബന്ധമില്ല. രണ്ടും രണ്ട് വഴിക്കാണ് പല ഗാനങ്ങളിലും. ഒരു പാട്ട് കേട്ട് കഴിഞ്ഞാൽ ‘ഹാ’ എന്ന് നാം അറിയാതെ പറയുന്നത് അതിന്റെ വികാര ഭാവം നമ്മെ സ്പർശിക്കുന്നത് കൊണ്ടാണ്. എന്നാൽ ഇന്നത്തെ മിക്ക പാട്ടുകളിലും അതില്ല. ഇന്ന് പാട്ടുകാർ അനുഭവിച്ച് പാടുന്നില്ല, അനുഭവിച്ച് എഴുതുന്നില്ല. എങ്ങനെയൊക്കെയോ പാട്ട് ഉണ്ടാക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.”  അദ്ദേഹം തുടർന്നു.