'പുഴു' സിനിമയുടെ സംവിധായികയും എഴുത്തുകാരനും മറുപടി പറയണം; മമ്മൂട്ടിയെ മതതീവ്ര ആശയങ്ങളുടെ അജണ്ടയുമായി കൂട്ടികെട്ടേണ്ട; പിന്തുണച്ച് ബിജെപി

‘പുഴു’ സംവിധായകയുടെ ഭര്‍ത്താവ് ഉയര്‍ത്തിയ ആരോപണങ്ങളില്‍ സൈബര്‍ ആക്രമണവും വിദ്വേഷപ്രചാരണവും നേരിടുന്ന നടന്‍ മമ്മൂട്ടിക്ക് പിന്തുണയുമായി ബിജെപി വൈസ് പ്രസിഡന്റ് എഎന്‍ രാധാകൃഷ്ണന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടിക്ക് പിന്തുണയുമായി അദേഹം എത്തിയത്.

മമ്മൂട്ടിയെ പോലുള്ള കലാകാരനെ ഏതെങ്കിലും മതതീവ്ര ആശയങ്ങളും അജണ്ടയുമായി സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായി കൂട്ടികെട്ടേണ്ട ആവശ്യം ഇല്ല. മമ്മൂട്ടിയെ പോലെ ഒരു മഹാനടനെ ചെളിവാരി എറിയാന്‍ അവസരം ഉണ്ടാക്കിയ സിനിമയുടെ സംവിധായികയും എഴുത്തുകാരനും ആണ് ഇതിനു മറുപടി പറയേണ്ടത്.

അങ്ങനെ ഏതെങ്കിലും അജണ്ടയുമായി സിനിമ പോലെ ഉള്ള കലാരൂപത്തെ മുതലെടുക്കാന്‍ ശ്രമിക്കുന്ന ഇത്തരക്കാരെ അകറ്റിനിര്‍ത്തുകയും വേണമെന്നും രാധാകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കഴിഞ്ഞ 5 പതിറ്റാണ്ടുകളായി മലയാളി പൊതുസമൂഹത്തിന്റെ മുന്നിലെ തുറന്ന പുസ്തകമാണ് മമ്മൂട്ടി എന്ന മഹാനടന്‍. നായരും നമ്പൂതിരിയും നാടാരും ദളിതനും മുസല്‍മാനും ക്രിസ്ത്യാനിയും അങ്ങനെ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തില്‍ അടങ്ങുന്ന എല്ലാത്തരം കഥാപാത്രങ്ങളെയും അഭ്രപാളികളില്‍ അവതരിപ്പിച്ച് വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് അദ്ദേഹം.

അങ്ങനെയുള്ള മമ്മൂട്ടിയെ പോലുള്ള കലാകാരനെ ഏതെങ്കിലും മതതീവ്ര ആശയങ്ങളും അജണ്ടയുമായി സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായി കൂട്ടികെട്ടേണ്ട ആവശ്യം ഇല്ല.

എനിക്ക് വ്യക്തിപരമായി അദ്ദേഹത്തെ പതിറ്റാണ്ടുകളായി അറിയുന്നതുമാണ്.
മമ്മൂട്ടിയെ പോലെ ഒരു മഹാനടനെ ചെളിവാരി എറിയാന്‍ അവസരം ഉണ്ടാക്കിയ സിനിമയുടെ സംവിധായികയും എഴുത്തുകാരനും ആണ് ഇതിനു മറുപടി പറയേണ്ടത്. അങ്ങനെ ഏതെങ്കിലും അജണ്ടയുമായി സിനിമ പോലെ ഉള്ള കലാരൂപത്തെ മുതലെടുക്കാന്‍ ശ്രമിക്കുന്ന ഇത്തരക്കാരെ അകറ്റിനിര്‍ത്തുകയും വേണം.