'പിഎസ് 2'വിലെ ഗാനം കോപ്പിയടി; നിര്‍മ്മാതാക്കള്‍ക്ക് എതിരെ നിയമനടപടിയുമായി ഗായകന്‍

ഗംഭീര പ്രതികരണങ്ങളും കളക്ഷനുമായി തിയേറ്ററില്‍ തേരോട്ടം തുടരുകയാണ് മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍ 2’. ഇതിനിടെ ചിത്രത്തിന് നേരെ കോപ്പിയടി ആരോപണമാണ് എത്തിയിരിക്കുന്നത്. ഗായകന്‍ ഉസ്താദ് വാസിഫുദ്ദീന്‍ ദാഗരാണ് ആരോപണം നടത്തിയത്.

എ.ആര്‍ റഹ്‌മാന്‍ സംഗീത സംവിധാനം ചെയ്ത ‘വീര രാജ വീര’ എന്ന ഗാനത്തിന് എതിരെയാണ് ആരോപണം. തന്റെ അച്ഛനും അമ്മാവനും ചേര്‍ന്ന് പാടിയ ശിവസ്തുതിയുടെ അതേ താണ്ഡവ ശൈലിയില്‍ ആണ് ചിത്രത്തിലെ ഗാനം ഒരുക്കിയിരിക്കുന്നത് എന്നാണ് വാസിഫുദ്ദീന്‍ ആരോപിച്ചത്.

അദാന രാഗത്തിലുള്ള കോംമ്പോസിഷന്‍ ചെയ്തത് തന്റെ അമ്മാവനായ ഉസ്താദ് സഹീറുദ്ദീന്‍ ദാഗറാണെന്നും ഇത് തന്റെ പിതാവായ ഫയാസുദ്ദീന്‍ ദാഗറുമൊത്ത് വര്‍ഷങ്ങളോളം പാടിയതാണെന്നും വാസിഫുദ്ദന്‍ പറഞ്ഞു. പിഎസ് 2 വിന്റെ നിര്‍മാണ കമ്പനികളിലൊന്നായ മദ്രാസ് ടാക്കീസിന് വാസിഫുദ്ദീന്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

മദ്രാസ് ടാക്കീസും എ.ആര്‍ റഹ്‌മാനും അനുവാദം ചോദിച്ചിരുന്നുവെങ്കില്‍ തങ്ങള്‍ ഒരിക്കലും വേണ്ടെന്ന് പറയില്ലായിരുന്നു, വാണിജ്യ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഇങ്ങനെ ചെയ്യുന്നത് വലിയ പ്രശ്‌നമാണ് എന്നായിരുന്നു വാസിഫുദ്ദീന്‍ പറഞ്ഞത്.

അതേസമയം, ഏപ്രില്‍ 28ന് തിയേറ്ററുകളില്‍ എത്തിയ പിഎസ് 2 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 250 കോടി ക്ലബ് കളക്ഷനില്‍ എത്തിയിരുന്നു. പിഎസ് വണ്ണിനേക്കാള്‍ വിജയം ചിത്രം നേടുമെന്നാണ് കരുതുന്നത്. ഐശ്വര്യ റായ് അവതരിപ്പിച്ച നന്ദിനിയും വിക്രം അവതരിപ്പിച്ച ആദിത്യ കരികാലനും തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.