കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത “നായാട്ട്” ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സര്‍വൈവല്‍ ത്രില്ലര്‍ ആയി ഒരുക്കിയ ചിത്രം വേട്ടയാടപ്പെട്ട ഇരകളുടെ കഥയാണ് പറയുന്നത് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. നായാട്ട് കണ്ട ഒരു പൊലീസുക്കാരന്റെ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സിനിമയില്‍ കാണിക്കുന്ന അനുഭവങ്ങള്‍ തങ്ങളുടെ ഡ്യൂട്ടി ജീവിതത്തിനിടയിലും കടന്നു പോയിട്ടുണ്ട് എന്ന് കുറിപ്പില്‍ പറയുന്നു.
കുറിപ്പ്:
നായാട്ട്
വീണ്ടും ഒരു പോലിസ് സ്റ്റോറി
(കാണേണ്ട സിനിമ )
പോലീസുകാരുടെ ജീവിതം കഥയാകുമ്പോള്‍ ഇത്രയധികം സ്വീകാര്യത കിട്ടിയ കാലഘട്ടമില്ല. അതായിരിക്കാം തുടര്‍ച്ചയായി ഇത്തരം സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്നത്. സിനിമ കണ്ടിറങ്ങിയ എന്റെ സഹോദരിയുടെ മകന്‍ കോള്‍ ചെയ്ത് ചോദിക്കുകയാണ് എന്തൊരു റിസ്‌ക് ജോലിയാണ് മാമാ പോലീസിന്റേതെന്ന്, വീട്ടുകാര്‍ കണ്ടാല്‍ സഹിക്കില്ലെന്ന്.
പച്ചയായ പോലീസ് ജീവിതം ചിത്രീകരിച്ചിരിക്കുന്ന സിനിമ. ഓരോ വാക്കുകളും മൂവ്‌മെന്റും യഥാര്‍ത്ഥ്യത്തോട് നീതി പുലര്‍ത്തുന്നത്. സിനിമ കഴിഞ്ഞിട്ടും ആര്‍ക്കും എന്തോ മതിയാകാത്ത പോലെ. നമ്മള്‍ പ്രതീക്ഷിച്ച എന്നല്ല ആഗ്രഹിച്ച ക്ലൈമാക്‌സ് വരാത്തതിന്റെ നിരാശ എല്ലാവരിലും ഉണ്ടോ എന്ന് സംശയം. യാഥാര്‍ത്ഥ്യം പറയാനുള്ള സിനിമയാണേല്‍ നിങ്ങള്‍ ഉദ്ദേശിച്ച ക്ലൈമാക്‌സ് വരില്ല. കാരണം അപ്രിയമാണേലും നടക്കുന്നത് ചിലപ്പോഴെങ്കിലും ഇതിനു സാമ്യമായി തന്നെയല്ലെ.
എനിക്കിതിലും കൂടുതല്‍ പ്രതീക്ഷിക്കാനാകില്ല. കാരണം ഞാന്‍ കടന്നു പോകുന്ന അല്ലെങ്കില്‍ പോകേണ്ട വഴികള്‍ മുള്ളുകള്‍ നിറഞ്ഞതാണെന്ന് തിരിച്ചറിയുന്നു. ഡ്യൂട്ടിക്കിടയില്‍ ഉണ്ടാകുന്ന സംഭവങ്ങളില്‍ ഒട്ടും പ്രതീക്ഷിക്കാതെ പ്രതിസ്ഥാനത്തേക്ക് മാറ്റപ്പെടുന്ന പോലിസിന്റെ അവസ്ഥ ശരിയായി വരച്ച് കാണിച്ചിട്ടുണ്ട്. കുറ്റം ചുമത്തപെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തന്റെ ഭാഗം പോലും പറയാന്‍ അവസരം നല്‍കാതെ വര്‍ഷങ്ങളായി ആത്മാര്‍ത്ഥമായി ജോലി നോക്കിയവരെന്ന പരിഗണനയോ സഹപ്രവര്‍ത്തകരെന്ന പരിഗണനയോ നല്‍കാതെ Entire Police force ഒരു നിമിഷം കൊണ്ട് അവര്‍ക്ക് എതിരാകുന്നു.
ജോജു ചെയ്ത മണിയന്‍ എന്ന കഥാപാത്രം മനസില്‍ ഒരുപാട് തട്ടി കഥാപാത്രത്തിനു ഒരുപടി മുകളില്‍ നില്‍ക്കാന്‍ കഴിഞു ജോജു എന്ന നടന്. ചാക്കോച്ചന്‍ ഒരുപാട് പോലീസ് വേഷം ചെയ്തിട്ടുണ്ടെങ്കിലും ഇതിലെ പോലീസ് ഡ്രൈവര്‍ വേഷം കലക്കി. ലേഡി ഓഫിസറുടെ പ്രകടനം ഹൃദയത്തില്‍ തൊട്ടു. വളരെ കാര്യക്ഷമതയോടെ കുറ്റാരോപിതരെ പിടികൂടാന്‍ നേരിട്ട് പുറപ്പെട്ട് വിജയിച്ച് ലക്ഷ്യത്തില്‍ എത്തിയ നിമിഷം പോലും അഭിനന്ദനങ്ങള്‍ക്ക് പകരം താനും പ്രതിയാകും എന്ന ഭീഷണിക്ക് മുമ്പില്‍ അവര്‍ പകച്ച് നില്‍ക്കുന്നത് കാണാം.
ലീവിനായി ഓഫിസറുടെ മുന്നിലെത്തുമ്പോള്‍ ഏറെ പ്രഷറില്‍ നില്‍ക്കുന്ന ഓഫിസറുടെ മോശമായ മറുപടിയും, ശേഷം കല്യാണ വീട്ടില്‍ വച്ച് അമ്മയെ ആശുപത്രിയില്‍ കാണിച്ച് രാത്രി ഡ്യൂട്ടിക്കെത്തണമെന്ന സ്റ്റേഹത്തോടെയുള്ള നിര്‍ദേശവും, മകള്‍ ജനിച്ചപ്പോള്‍ 15 ദിവസം കഴിഞ്ഞാണ് കണ്ടതെന്നും ഒരിക്കലും അവളുടെ ഒരാവശ്യത്തിനും പങ്കെടുക്കാനായിട്ടില്ല എന്ന് പറയുന്ന സിനിമയിലെ സീനുകളെല്ലാം നമ്മള്‍ കടന്ന് പോകുന്ന വഴികളില്‍ ഒരുപാട് കേട്ട് പരിചയമായ സ്ഥിരം പല്ലവികളാണ്.
സിനിമയില്‍ വാഹന പരിശോധനക്കിടെ കുറ്റാരോപിതരെ കണ്ടെത്തുമ്പോള്‍ ആ വണ്ടിയില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് പറഞ്ഞ് വാഹനം എടുത്തോണ്ട് പോട എന്ന് ആ പോലീസുകാരന്‍ ഡ്രൈവറോട് പറഞ്ഞത് നീതിയാണോ തെറ്റാണോ എന്നൊന്നും ചിന്തിക്കുന്നില്ല കേട്ടപ്പോള്‍ ആത്മാഭിമാനം തോന്നി. എന്റെ മനസ് പോലെ തന്നെ ഇത് കേട്ട് തിയറ്ററില്‍ കൈയ്യടി, അത് അപ്രതീക്ഷിതമായിരുന്നു. തെറ്റിദ്ധരിച്ച് ക്രൂശിക്കപ്പടുന്നവരെ കാക്കാന്‍ നേരിനോടൊപ്പം നില്‍ക്കുന്നവര്‍ക്ക് സിനിമയിലാണേലും കിട്ടുന്ന കൈയ്യടി ഒരു പ്രതീക്ഷയാണ്.
Read more
നമ്മുടെ മുന്നിലെത്തുന്ന വ്യാജവാര്‍ത്തകളും മുന്‍വിധിയോടെ കുറ്റവാളികളെ തീരുമാനിക്കുന്ന മാധ്യമ ചര്‍ച്ചകളും വിശ്വസിക്കുന്നത് എത്രത്തോളം ശരിയാകുമെന്ന ചിന്തയിലേക്ക് ഈ സിനിമ ചൂണ്ടുപലകയാകട്ടെ. നെയ്യാറ്റിന്‍കര DYSP ആയിരുന്ന പ്രിയപ്പെട്ട ഹരികുമാര്‍ സര്‍. പോലീസുകാരെന്ന നിലയില്‍ ഞങ്ങളുടെ ചങ്കിലെ ഒരു നീറ്റലാണ് സര്‍ താങ്കള്‍, പറ്റിയ ഒരു കൈയ്യബദ്ധത്തിന്റെ പേരില്‍ മാധ്യമ വിചാരണയില്‍ ക്രൂശിക്കപ്പെട്ട് സ്വന്തം ജീവനൊടുകേണ്ടി വന്ന താങ്കളെക്കുറിച്ചുള്ള ഓര്‍മ്മ ഈ സിനിമയിലൂടെ വീണ്ടുമൊരിക്കല്‍ കൂടി കണ്ണില്‍ നനവ് പടര്‍ത്തി.