'രാധേശ്യാം' ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് ആരാധകന്‍ മരിച്ചു; കുടുംബത്തിന് രണ്ടു ലക്ഷം നല്‍കി പ്രഭാസ്

‘രാധേശ്യാം’ ചിത്രത്തിന്റെ ആഘോഷത്തിനിടെ നടന്ന അപകടത്തില്‍ മരിച്ച ആരാധകന്റെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ നല്‍കി പ്രഭാസ്. ചിത്രത്തിന്റെ റിലീസ് ആഘോഷങ്ങള്‍ക്കായി തിയേറ്ററില്‍ ബാനര്‍ സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റാണ് ആരാധകന്‍ മരിച്ചത്.

കര്‍ണാടകയിലെ കരംപുടിയിലുള്ള പ്രഭാസിന്റെ കടുത്ത ആരാധകനായ ചല്ലാ കോട്ടേശ്വര റാവുവാണ് അപകടത്തില്‍ മരിച്ചത്. ദരിദ്ര കുടുംബാംഗമായ യുവാവിന്റെ കുടുംബത്തിന് കഴിയാവുന്ന സഹായങ്ങള്‍ ഉറപ്പ് വരുത്തുമെന്ന് പ്രഭാസ് പറഞ്ഞു.

കഴിഞ്ഞ ദിവസം രാധേശ്യാമിന് മോശം പ്രതികരണം ലഭിച്ചതിനെ തുടര്‍ന്ന് പ്രഭാസ് ആരാധകന്‍ ആത്മഹത്യ ചെയ്തിരുന്നു. മാധ്യമങ്ങളില്‍ വന്ന നെഗറ്റീവ് നിരൂപണങ്ങളിലും റിപ്പോര്‍ട്ടുകളിലും മനംനൊന്താണ് ആരാധകന്‍ തൂങ്ങി മരിച്ചത്.

ഇരുപത്തിനാലുകാരനായ രവി തേജയാണ് ആത്മഹത്യ ചെയ്തത്. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ തിലക് നഗറിലാണ് സംഭവം നടന്നത്. മാര്‍ച്ച് 11ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

Read more

ശക്തമായ തിരക്കഥയുടെ അഭാവമാണ് ചിത്രത്തിന് വിനയായത് എന്നായിരുന്നു പ്രേക്ഷകരുടെ പ്രതികരണം. റൊമാന്റിക് ചിത്രമായി എത്തിയ രാധേശ്യാം ഏകദേശം 350 കോടി ബജറ്റില്‍ നിര്‍മ്മിച്ചത്.